തേൻ ഗുണനിലവാര പരിശോധന ലാബ് ഇന്ന് (ബുധൻ) കൃഷി മന്ത്രി ടി സിദ്ദിക്ക് ഉദ്‌ഘാടനം ചെയ്യും
മാവേലിക്കരയിലെ ഹോർട്ടികോർപ്പ് തേനീച്ച വളർത്തൽ കേന്ദ്രത്തിൽ തുടങ്ങുന്ന തേൻ ഗുണനിലവാര പരിശോധന ലാബ് ഇന്ന് (ഒക്ടോബർ 7) ഉച്ച രണ്ട് മണിക്ക് കൃഷി മന്ത്രി ടി സിദ്ദിക്ക് ഉദ്‌ഘാടനം ചെയ്യും. തേനീച്ച വളർത്തൽ പ്രോത്സാഹന പദ്ധതികളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് ലാബ് പ്രവർത്തനം തുടങ്ങുന്നത്.
തേനിലെ ജലാംശം, വിഘടിത പഞ്ചസാരയുടെ അനുപാതം, കൃത്രിമമായ പഞ്ചസാരയുടെ അളവ്, എച്ച്.എം.എഫ്, തേനിലേക്ക് കലരുന്ന ഡയസ്റ്റയിസ് എന്ന ദഹനരസത്തിന്റെ സാന്നിധ്യം തുടങ്ങി തേനിന്റെ ഗുണനിലവാരം ഉറപ്പിക്കുന്ന മുഴുവൻ പരിശോധനകളും ഇവിടെ നടത്താൻ കഴിയും. തേനിലെ പൂമ്പൊടിയുടെ പ്രത്യേകത പരിശോധിച്ചു സസ്യനാമത്തിൽ വർഗീകരിക്കാൻ കഴിയുന്നതിലൂടെ തേനിന് ഉയർന്ന വില ലഭിക്കുകയും കർഷകർക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.
പരിപാടിയിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥി ആകും. നൂതന ഉൽപ്പന്നത്തിന്റെ വിപണനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ നിർവഹിക്കും. നാഷണൽ ബീ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലാബ് തുടങ്ങുന്നത്.
- Log in to post comments