Skip to main content
..

പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്തുന്നതില്‍ വിവരാവകാശ നിയമത്തിന് വലിയ പങ്ക്: മന്ത്രി ബിന്ദു കൃഷ്ണ

പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്തുന്നതില്‍ വിവരാവകാശ നിയമത്തിന് വലിയ പങ്ക് വഹിക്കാനാകുന്നുണ്ടെന്ന് വനിത-ശിശുവികസന, തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യം കൂടുതല്‍ അര്‍ഥവത്താക്കുന്ന ഇടപെടലുകളില്‍ ശ്രദ്ധേയമാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമത്തിന് വിധേയമായിരിക്കണം നമ്മുടെ സംവിധാനങ്ങളെന്നും ഈ നിയമം നമ്മുടെ ജനാധിപത്യത്തിന് കരുത്തായി നിലനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമ വാരാഘോഷം 2026ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫാത്തിമ മാതാ നാഷണല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവരാവകാശ നിയമ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമത്തിന്റെ വരവോടെ ഭരണ വ്യവസ്ഥയില്‍ സുതാര്യത വന്നുവെന്നും നിരവധി അഴിമതികളുടെ വിവരങ്ങള്‍ പുറത്തുവന്നുവെന്നും മുഖ്യ പ്രഭാഷണം നടത്തിയ ബി ബി ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍ വിഷയാവതരണം നടത്തി. വിവരാവകാശ കമ്മീഷനില്‍ നിന്നുള്ള റിസോഴ്‌സ് പേഴ്‌സണ്‍ കെ പ്രസാദ് ജീവനക്കാരുമായി സംവദിച്ച് സംശയനിവാരണം നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സോണിച്ചന്‍ പി ജോസഫ് സ്വാഗതം പറഞ്ഞു.

വിവരാവകാശ നിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നു എന്നുറപ്പാക്കാനായാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകളടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 140 നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പീല്‍ അധികാരികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി കമ്മീഷന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 5 മുതല്‍ 12 വരെയാണ് വിവരാവകാശ നിയമ വാരാഘോഷം നടക്കുന്നത്.
 

 

date