39-ാമത് കേരള ശാസ്ത്ര കോൺഗ്രസ് : രജിസ്‌ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) ആഭിമുഖ്യത്തിൽ 39-ാമത് കേരള ശാസ്ത്രകോൺഗ്രസ് 2027 ജനുവരി 28 മുതൽ 31 വരെ കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരിയിൽ സംഘടിപ്പിക്കും. കോഴിക്കോട് ജലവിഭവ വികസനവിനിയോഗകേന്ദ്രത്തിന്റെയും (CWRDM), മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജിന്റെയും സംയുക്ത സഹകരണത്തോടെയാണ് ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.
''Harvesting the Potential of Space Science and Technology for Resilient Keralam' എന്നതാണ് ഈ വർഷത്തെ മുഖ്യപ്രമേയം. കേരളം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകകളിൽ പുതിയ ശാസ്ത്രസാങ്കേതിക വികസന സാധ്യതകൾ തുറക്കുന്നതിനും ബഹിരാകാശ ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും 39-ാമത് കേരള ശാസ്ത്രകോൺഗ്രസ് പ്രാധാന്യം നൽകും.
ശാസ്ത്രജ്ഞർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, വ്യവസായ പ്രതിനിധികൾ, നയരൂപീകരണ വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ ഒരുമിപ്പിക്കുന്ന വേദിയാകും കേരള ശാസ്ത്ര കോൺഗ്രസ്.
39-ാമത് കേരള ശാസ്ത്രകോൺഗ്രസിന്റെ ഭാഗമായി ശാസ്ത്രപ്രദർശനം, നാഷണൽ സയൻസ് മീറ്റ്, എഐ ആൻഡ് ഡാറ്റാ സയൻസ് പ്രത്യേക സെഷൻ, പിജി വിദ്യാർഥികളുമായി സംവാദ പരിപാടി, വാക്ക് വിത്ത് സയന്റിസ്റ്റ്, ശാസ്ത്രപ്രബന്ധ അവതരണങ്ങൾ, അനുസ്മരണ പ്രഭാഷണങ്ങൾ, കോഴിക്കോട് ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങൾ കണ്ടെത്തുകയും അവയ്ക്ക് ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന SciSol തുടങ്ങിയവ സംഘടിപ്പിക്കും.
വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രബന്ധാവതരണത്തിനും പോസ്റ്റർ പ്രസന്റേഷനും പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാന തീയതി നവംബർ 20 ആണ്. വിശദവിവരങ്ങൾക്ക് www.kscnew.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്‌സ്. 4184/2026
- Log in to post comments