മൃഗശാലാവികസനത്തിന് സ്വകാര്യപങ്കാളിത്തം തേടും: മന്ത്രി ഒ ജെ ജനീഷ്
പൊതു, സ്വകാര്യപങ്കാളിത്തത്തോടെ മ്യൂസിയം വകുപ്പിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വന്യജീവി വാരാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മൃഗശാല ക്യാമ്പസിലെ കുട്ടികളുടെ പാർക്കിന്റെ നവീകരണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
മൃഗശാലാ പരിപാലനത്തിന് സി എസ് ആർ ഫണ്ട് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മൃഗങ്ങളുടെ പരിപാലനം ഒരു നിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യുന്നതിനായി സ്വകാര്യവ്യക്തികളെ സമീപിക്കും. മൃഗശാലയിലേക്കുള്ള ഓരോ സന്ദർശനവും കൂടുതൽ കൗതുകകരവും അറിവ് പകരുന്നതുമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. മൃഗങ്ങൾക്ക് അനുയോജ്യമായ വനപ്രദേശത്തുതന്നെ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടണം. തൃശ്ശൂരിൽ നിന്ന് മൃഗശാല പുത്തൂരിലേക്ക് മാറാൻ 15 വർഷമെടുത്തു. കേരളത്തിൽ മൃഗങ്ങൾക്ക് അനുയോജ്യമായ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മ്യൂസിയം, മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ക്വിസ്, സെമിനാർ, ക്ലേ മോഡലിങ് വർക്ഷോപ്പ്, കളറിങ് മത്സരം, ക്രീയേറ്റീവ് പെയിന്റിങ് മത്സരം, പോസ്റ്റർ മേക്കിങ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെക്കുറിച്ചും കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ രണ്ട് മുതൽ വാരാഘോഷം സംഘടിപ്പിച്ചത്.
ചടങ്ങിന് മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി പി എസ് സ്വാഗതം ആശംസിച്ചു. നന്തൻകോട് വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ് അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ്. 4193/2026
- Log in to post comments