ടെക്‌നോപാർക്കിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എക്സ്റ്റൻഷൻ കൗണ്ടർ തുടങ്ങി
* മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ടെക്‌നോപാർക്കിലെ 'ഭവാനി' കെട്ടിടത്തിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ കൗണ്ടർ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്കിലെ ജീവനക്കാർക്കും സംരംഭകർക്കും ജോലി തിരക്കിനിടയിലും വായനയ്ക്കായി സമയം കണ്ടെത്താൻ ഇത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
1829-ൽ സ്വാതി തിരുനാളിന്റെ കാലത്ത് ആരംഭിച്ച സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിക്ക് ഏകദേശം 200 വർഷത്തെ പാരമ്പര്യമുണ്ട്. ആദ്യഘട്ടത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്ലാസിക് നോവലുകളും പുരസ്‌കാരങ്ങൾ നേടിയ പുസ്തകങ്ങളുമാണ് കൗണ്ടറിൽ ലഭ്യമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ ആവശ്യാനുസരണം ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
ലൈബ്രറി കെട്ടിടത്തിന്റെ ചുവരുകൾക്കുള്ളിൽമാത്രം ഒതുങ്ങാതെ, ആളുകൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് വായനയെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ടെക്‌നോപാർക്കിൽ കൗണ്ടർ ഒരുക്കിയത്.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി അംഗങ്ങളുടെ തിരിച്ചറിയൽ, പുസ്തക വിതരണം തുടങ്ങിയ സേവനങ്ങൾ ഏകീകരിക്കുന്ന സ്മാർട്ട് കാർഡ് സംവിധാനവും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു.
പി.എൻ.എക്‌സ്. 4196/2026
- Log in to post comments