കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കാൻ കാർബൺ സെൽ രൂപീകരിക്കും : കൃഷിമന്ത്രി ടി. സിദ്ദിഖ്
*ലോകബാങ്ക് മിഷൻ സംഘം കൃഷിമന്ത്രിയെ സന്ദർശിച്ചു
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന് കീഴിൽ കാർബൺ സെൽ രൂപീകരിക്കണമെന്ന കൃഷിമന്ത്രി ടി. സിദ്ദിഖ് ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു.ഇതിനായി തുടർന്നുള്ള മാസങ്ങളിൽ യോജിച്ചുള്ള പ്രവർത്തനം ഉണ്ടാകും.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ ലോകബാങ്ക് മിഷൻ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദേശം മുന്നോട്ടുവച്ചത്.
കർഷകർ കാലാവസ്ഥാസൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം നൽകുന്നതിനൊപ്പം കാർഷിക മേഖലയിലെ കാർബൺ സംഭരണശേഷി വർധിപ്പിക്കാനും കാർബൺ ക്രെഡിറ്റ് സംവിധാനത്തിലൂടെ കർഷകർക്ക് അധിക വരുമാനസാധ്യത സൃഷ്ടിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേര പദ്ധതിയുടെ ഭാഗമായി കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
2365 കോടി രൂപയാണ് കേര പദ്ധതി വഴി കാർഷിക കേരളത്തിന് ലഭ്യമാക്കുക. നടപ്പുസാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിൽ പദ്ധതിക്കായി അനുവദിച്ച ഫണ്ട് കൂടുതൽ കാര്യക്ഷമമായും ഊർജിതമായും വിനിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
കൃഷിവകുപ്പിന്റെയും ലോകബാങ്കിന്റെയും സംയുക്തമായി നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് കേരയെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പരിവർത്തനത്തിന് വലിയ സാധ്യതകളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാളികേര കൃഷിയുടെ വികസനവും ഉത്പാദനക്ഷമത വർധിപ്പിക്കൽ , കാർഷിക വിപണനം ശക്തിപ്പെടുത്തൽ, കർഷക ഉത്പാദക സംഘടനകളുടെ ശാക്തീകരണവും ബിസിനസ് വിപുലീകരണവും, ഉയർന്ന മൂല്യമുള്ള കാർഷിക വിളകളുടെ മൂല്യശൃംഖല വികസനം എന്നിവ കേര പദ്ധതിയുടെ ഭാഗമായി കൂടുതൽ ശക്തമായി നടപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കൂടുതൽ സ്മാർട്ട് കൃഷിഭവനുകൾ, കൃഷിവകുപ്പിന്റെ സമ്പൂർണ ഡിജിറ്റലൈസേഷൻ, കതിർ പോർട്ടലിന്റെ സമഗ്ര വികസനം, കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം കൃഷി നേരിടുന്ന പ്രതിസന്ധികൾക്ക് പ്രതിരോധവും അതിജീവന സംവിധാനങ്ങളും എന്നിവയും അതീവ പ്രാധാന്യം അർഹിക്കുന്നു എന്ന് യോഗത്തിൽ മന്ത്രി പ്രസ്താവിച്ചു.
മുതലമടയിലെ മാവ് കൃഷി, എലവഞ്ചേരിയിലെ ഹൈടെക് പച്ചക്കറി കൃഷി, വയനാട്ടിലെ അവക്കാഡോ കൃഷി തുടങ്ങിയ മേഖലകളിലെ സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു. എൽ നിനോ പ്രതിഭാസം ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളെ നേരിടാൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളും മന്ത്രി ലോകബാങ്ക് മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിൽ തെങ്ങിന്റെ ഉത്പാദനക്ഷമത നിലവിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചമാക്കാൻ ആവശ്യമായ സമഗ്രമായ ഇടപെടലുകൾ കേര പദ്ധതിയിൽ അനിവാര്യമായി ഉൾപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പും നാളികേര വികസന ബോർഡും നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ വിലയിരുത്തി, അവയ്ക്ക് പുറമേ ആവശ്യമായ ഇടപെടലുകൾ കേര പദ്ധതി ഏറ്റെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
മഴക്കാലത്തും വേനൽക്കാലത്തും കേരളത്തിലെ കാർഷിക മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും പ്രകൃതിദുരന്ത സാധ്യതകളും യോഗത്തിൽ ചർച്ചയായി. ദുരന്തങ്ങളെ നേരിടുന്നതിനായി സർക്കാർ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തലത്തിൽ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു.
കേരളത്തിലെ കാർഷിക മേഖലയെ സമഗ്രമായി വിലയിരുത്തി ആവശ്യമായ മാറ്റങ്ങളും പുതിയ ഇടപെടലുകളും കേര പദ്ധതിയിൽ ഉൾപ്പെടുത്തണം. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു.
ലോകബാങ്ക് മിഷൻ സംഘം ഒക്ടോബർ 13 വരെ കേരളത്തിൽ തുടരും. ഈ കാലയളവിൽ കേര പദ്ധതി നടപ്പാക്കുന്ന വിവിധ പ്രദേശങ്ങൾ സംഘം സന്ദർശിച്ച് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തും.
ലോകബാങ്ക് പ്രതിനിധികളായ ആദർശ്, ചാരുലത ശർമ്മ, അഗ്രി പ്രൊഡക്ഷൻ കമ്മീഷണറും കേര പ്രോജക്ട് ഡയറക്ടറുമായ മിൻഹാജ് ആലം, കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. സുഭാഷ്, സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് നാഗേഷ്, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ സപ്ന, സുരേന്ദ്രൻ എന്നിവരും കേര പദ്ധതിയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4203/2026
- Log in to post comments