Skip to main content

വിജയത്തിന് കുറുക്കുവഴികളില്ല; ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല : മന്ത്രി കെ. എ. തുളസി

           വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് ഒട്ടേറെപേരുടെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സിവിൽ സർവീസ് മേഖലയിലേക്ക് താത്പര്യത്തോടെ കടന്നുവരുന്ന എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഈ സത്യം വ്യക്തമായി മനസ്സിലാക്കണമെന്നും ജാതി ഒന്നിന്റെയും അടിസ്ഥാനമല്ല എന്ന് തിരിച്ചറിഞ്ഞ് വേണം പഠനത്തെ സമീപിക്കാനെന്നും അവർ ഓർമ്മിപ്പിച്ചു. സിവിൽ സർവീസ് പോലുള്ള ഉയർന്ന മത്സരപരീക്ഷകളിൽ കഠിനാധ്വാനവും കൃത്യമായ പരിശീലനവുമാണ് പ്രധാനം. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇത്തരം മേഖലകളിലേക്ക് കടന്നുവരുമ്പോൾ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

           കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലക്ഷ്യ' സ്‌കോളർഷിപ്പ് പദ്ധതി (2026-27) പ്രവേശനോത്സവവും ഓറിയന്റേഷൻ ക്ലാസും മണ്ണന്തല അംബേദ്കർ ഭവനിൽ മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു.

           മണ്ണന്തല അംബേദ്കർ ഭവനിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട 60 വിദ്യാർഥികൾക്കാണ് ഈ പദ്ധതിയിലൂടെ സൗജന്യ പ്രിലിമിനറി പരീക്ഷാ പരിശീലനം നൽകുന്നത്. ആവശ്യമുള്ള കുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് സൗകര്യവും സർക്കാർ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ബാച്ചിൽ പരിശീലനം പൂർത്തിയാക്കി ഐ.എ.എസ്., ഐ.പി.എസ്. നേട്ടങ്ങൾ കൈവരിച്ച കിരൺ, ദിവ്യ. എസ്. ഉൾപ്പെടെയുള്ള വിജയികളെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

           പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ സജീവ്, ജോയിന്റ് ഡയറക്ടർ സിന്ധു പരമേഷ്, ICETS ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 4204/2026

date