Skip to main content

ആഗോള തേൻ വിപണിയിലെ സാധ്യതകൾ കേരള കർഷകർക്ക് കൂടുതൽ നേട്ടമാകും : കൃഷിമന്ത്രി ടി.സിദ്ദിഖ് -തേൻ ഗുണനിലവാര പരിശോധന ലാബ് ആരംഭിച്ചു

 

ആഗോള വിപണിയിൽ തേനിനുള്ള വർധിച്ചുവരുന്ന സാധ്യത ഫലപ്രദമായി പ്രയോജനപ്പെടുത്തി കേരളത്തിലെ തേൻ കർഷകർക്ക് മികച്ച വരുമാനവും പുതിയ വിപണികളും ഉറപ്പാക്കുമെന്നും അതിനാവശ്യമായ ഇടപെടൽ നടത്തുമെന്നും  കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു. മാവേലിക്കരയിലുള്ള ഹോർട്ടികോർപ്പിന്റെ തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ആരംഭിച്ച തേൻ ഗുണനിലവാര പരിശോധന ലാബിന്റെ  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ഹോർട്ടികോർപ്പിന്റെ  തേനീച്ച വളർത്തൽ കേന്ദ്രവും തേൻ ഗുണനിലവാര പരിശോധനാ ലാബും കേരളത്തിന്റെ കാർഷിക വികസനത്തിന് ഏറെ പ്രാധാന്യമുള്ള  സംരംഭമാണെന്നും മന്ത്രി പറഞ്ഞു. 
ഒരു തരത്തിലുള്ള കൃത്രിമ ഘടകങ്ങളും ഇല്ലാതെ ലഭിക്കുന്ന തേൻ ശുദ്ധീകരിച്ച് ജനങ്ങളിലേക്കും ഔഷധമേഖലയിലേക്കും എത്തിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്.
തേൻ ഉൽപാദനവും അതിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന മേഖലയാണ്. ഈ ലാബിലൂടെ തേനിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കാൻ സാധിക്കും. തേനിലെ ജലാംശം, പഞ്ചസാരയുടെ അളവ്, കൃത്രിമ പഞ്ചസാരയുടെ സാന്നിധ്യം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിശോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ മായം ചേർക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് തേൻ. അതുകൊണ്ടുതന്നെ എഫ്.എസ്.എസ്.എ.ഐ., അഗ്‌മാർക്ക് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ച് ഔദ്യോഗിക പരിശോധനയ്ക്കും സർട്ടിഫിക്കേഷനും വിധേയമാക്കി തേൻ വിപണിയിലെത്തിക്കേണ്ടത് അനിവാര്യമാണ്. ഈ ലാബിലൂടെ അത്തരമൊരു വിശ്വാസ്യത ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള 14 ലാബുകളോടൊപ്പം ഈ ലാബും പ്രവർത്തനം ആരംഭിക്കുന്നതോടെ തേനീച്ച കർഷകർക്ക് ദൂരയാത്രകളില്ലാതെ തന്നെ പരിശോധനയും സർട്ടിഫിക്കേഷനും പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഓണക്കാലത്ത് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്ത വിവിധ ഉൽപ്പന്നങ്ങൾ വലിയ വിജയമായിരുന്നു. കൃഷിവകുപ്പ് കേരളമൊട്ടാകെ 2,000 ഓണച്ചന്തകൾ സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രത്യേകത വിപണനം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരുന്നു എന്നതാണ്. പച്ചക്കറി നൽകിയ 
 കർഷകർക്ക് വളരെ വേഗത്തിൽ പണം ലഭ്യമാക്കാനും ഒരു രൂപ പോലും കുടിശ്ശികയില്ലാതെ വിതരണം പൂർത്തിയാക്കാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
2021 മുതൽ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം നഷ്ടം സംഭവിച്ച കർഷകർക്ക് നൽകാനുള്ള ഏകദേശം 110 കോടി രൂപയുടെ നഷ്ടപരിഹാര കുടിശ്ശികയും ഈ മാസം നൽകുമെന്നും മന്ത്രി പറഞ്ഞു. 
വിളനാശ നഷ്ടപരിഹാര തുക 25 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വന്യമൃഗശല്യം തടയുന്നതിനായി ഈ വർഷം ഫോറസ്റ്റ് വകുപ്പ് 192 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്രയും വലിയ തുക ഇതിനുമുമ്പ് അനുവദിച്ചിട്ടില്ല. ഈ തുക ഫലപ്രദമായി വിനിയോഗിക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.സി.എ.ആർ., അമൃത സർവകലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ജൈവവേലി, സോളാർ ഫെൻസിംഗ്, ഹാങ്ങിംഗ്  ഫെൻസിംഗ്, ട്രഞ്ചിംഗ് തുടങ്ങി വിവിധ പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളും ചർച്ചകളും നടത്തിയതായും മന്ത്രി അറിയിച്ചു. 
യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി "കതിർ കാർഷിക ക്ലബ്" പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓരോ സ്കൂളിലും നോഡൽ അധ്യാപകൻ, കതിർ സഞ്ചാരം, 
കതിർ മാർക്കറ്റ്, പരിശീലന പരിപാടികൾ എന്നിവ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കും. ഓരോ സ്കൂളിനും 10,000 രൂപ വീതം ധനസഹായവും നൽകും.
ഈ വർഷം 500 സ്കൂളുകളിൽ പദ്ധതി ആരംഭിക്കും. അടുത്ത വർഷം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യം-മന്ത്രി പറഞ്ഞു.
ഹോർട്ടി കോർപ്പിന്റെ നൂതന ഉൽപ്പന്നമായ ഹണി സിപ്പ് അപിൻ്റെ വിപണന ഉദ്ഘാടനം മന്ത്രി ടി സിദ്ധിഖ് നിർവഹിച്ചു.

തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഹോർട്ടി കോർപ്പ് മാനേജിംഗ് ഡയറക്ടർ എസ് സിന്ധു, ജില്ലാ പഞ്ചായത്തംഗം ടി വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം സുജാത ടീച്ചർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിമോൻ,വാർഡ് മെമ്പർമാരായ വൈ രമേശ്, മനു ഫിലിപ്പ്, അമ്പിളി  ആത്മ പ്രൊജക്ട് ഡയറക്ടർ സുനിത എസ്, ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ സുനിൽ ബി,  എന്നിവർ പങ്കെടുത്തു.
തേനീച്ച വളർത്തൽ പ്രോത്സാഹന പദ്ധതികളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് ലാബ് പ്രവർത്തനം തുടങ്ങുന്നത്. 
തേനിലെ ജലാംശം, വിഘടിത പഞ്ചസാരയുടെ അനുപാതം, കൃത്രിമമായ പഞ്ചസാരയുടെ അളവ്, എച്ച്.എം.എഫ്, തേനിലേക്ക് കലരുന്ന ഡയസ്റ്റയിസ് എന്ന ദഹനരസത്തിന്റെ സാന്നിധ്യം തുടങ്ങി തേനിന്റെ ഗുണനിലവാരം ഉറപ്പിക്കുന്ന മുഴുവൻ പരിശോധനകളും ഇവിടെ നടത്താൻ കഴിയും. തേനിലെ പൂമ്പൊടിയുടെ പ്രത്യേകത പരിശോധിച്ചു സസ്യനാമത്തിൽ വർഗീകരിക്കാൻ കഴിയുന്നതിലൂടെ തേനിന് ഉയർന്ന വില ലഭിക്കുകയും കർഷകർക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.
നാഷണൽ ബീ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലാബ് തുടങ്ങിയത്..

date