വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ്
സംസ്ഥാനവ്യാപകമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, ഒഴിവാക്കല്‍, തെറ്റുതിരുത്തല്‍ എന്നിവക്കായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി. സജിത്ത് ബാബു ജില്ലാ കളക്ടര്‍മാരെ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് അദ്ദേഹം ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റല്‍ ഹെല്‍പ്പ് ഡസ്‌കുകളും പ്രവര്‍ത്തിക്കും. മുന്‍പ് നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കിയതിനാല്‍ അര്‍ഹരായവര്‍ ഫോം 6 (സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി) സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ രേഖയായി നല്‍കുന്നവര്‍ മറ്റൊരു സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ് കൂടി സമര്‍പ്പിക്കണം. അപേക്ഷകളുടെ തുടര്‍പരിശോധന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീടുകളില്‍ നേരിട്ടെത്തി പൂര്‍ത്തിയാക്കുന്നതാണ്.
യുവവോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍ അവബോധം നടത്തുന്നതിന്റെ ഭാഗമായി കോളേജ്-ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തലത്തില്‍ 'ക്യാമ്പസ് ടു ബൂത്ത്' എന്ന പേരില്‍ എന്റോള്‍മെന്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 'സ്റ്റെപ് ഫോര്‍വേര്‍ഡ്, ഗെറ്റ് കൗണ്ടഡ്' എന്ന ടാഗ് ലൈനോടെ നവംബര്‍ രണ്ടിന് ക്യാമ്പസ് - ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന എന്റോള്‍മെന്റ് ഡ്രൈവ് നടത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി പരമാവധി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് അവബോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
- Log in to post comments