Skip to main content

പ്രൈമറി സ്‌കൂള്‍ തലം മുതല്‍ ഫുട്ബാള്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കണം: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഗോള്‍ പദ്ധതി കിറ്റ് വിതരണത്തിന് തുടക്കം

ജില്ലയില്‍ ഫുട്‌ബോളിന്റെ പ്രചാരം വ്യാപിപ്പിക്കുന്നതിന് പ്രൈമറി സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്കായി ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ സ്‌പോര്‍ട്‌സിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാന കായിക വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുട്‌ബോള്‍ വികസന ബോധവല്‍ക്കരണ പദ്ധതിയായ ഗോളിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്കും ക്ലബ്ബുകള്‍ക്കും ഫുട്‌ബോള്‍, അനുബന്ധ കായിക ഉപകരണങ്ങള്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കായിക ദിനാചരണം ജില്ലയില്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 6 ടീമുകള്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തു.

തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എ.സലിം കുട്ടി സ്വാഗതം ആശംസിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബേബി വര്‍ഗീസ്,  ഉഷാകുമാരി എം.റ്റി, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സജീവ് എം എച്ച്, ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി  എബിന്‍ വില്‍സണ്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ഡെഫ് അസോസിയേഷന്‍ സെക്രട്ടറി പ്രശാന്ത് കെ കെ, ജില്ലാ തൈക്കോണ്ടോ അസോസിയേഷന്‍ പ്രസിഡന്റ് നിവാസ് എ ജെ, ജില്ലാ ഹോക്കി അസോസിയേഷന്‍ ട്രഷറര്‍ മിനി അഗസ്റ്റിന്‍, ജില്ലാ റോള്‍ ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ഷിജി ജെയിംസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ദീപ്തി മരിയ ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date