Skip to main content
എരുത്തേമ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

എരുത്തേമ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

വില്ലേജ് ഓഫീസുകളിലെ സേവനം മികവുറ്റതാകണം: മന്ത്രി എ.പി. അനില്‍കുമാര്‍

റവന്യൂ വകുപ്പിന്റെ മുഖം വില്ലേജ് ഓഫീസുകളാണെന്നും സാധാരണക്കാര്‍ക്ക് ഇവിടെനിന്ന് ലഭിക്കുന്ന സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകണമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. എരുത്തേമ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും സൗന്ദര്യത്തിനുമൊപ്പം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഓഫീസുകളിലെത്തുന്നവരോട് സൗഹൃദപരവും സുതാര്യവുമായ സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സേവനങ്ങള്‍ വേഗത്തിലും സുഗമമായും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

45 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണമ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. വില്ലേജ് ഓഫീസറുടെ മുറി, പ്രധാന ഓഫീസ് ഹാള്‍, റെക്കോര്‍ഡ് റൂം, സന്ദര്‍ശകര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ഡൈനിങ് മുറി, ശുചിമുറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായി റാംപ്, ഹാന്‍ഡ് റെയില്‍, ടാക്ടൈല്‍ ടൈലുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ സുമേഷ് അച്യുതന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഇന്‍-ചാര്‍ജും എ.ഡി.എമ്മുമായ എ. അബ്ദുള്‍ ലത്തീഫ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, ആര്‍.ഡി.ഒ കെ ദേവകി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date