സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം
പട്ടികജാതി കുടുംബങ്ങള്‍ക്ക് സുരക്ഷിതഭവന പദ്ധതി നടപ്പാക്കും: മന്ത്രി കെ.എ. തുളസി
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവനരഹിത കുടുംബങ്ങള്‍ക്കും വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കും സ്വന്തമായി സുരക്ഷിതവും വാസയോഗ്യവുമായ ഭവനം നിര്‍മിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 10000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മപരിപാടി വിജയകരമായി പൂര്‍ത്തിയാക്കാനായി. ന്യൂനതകള്‍ കണ്ടെത്തിയാല്‍, സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, കൂട്ടായ്മയിലൂടെ സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് 'ദാക്ഷായണി സ്വയം തൊഴില്‍ സഹായ പദ്ധതി' നടപ്പാക്കുന്നതായും മന്ത്രി അറിയിച്ചു. 75 ശതമാനം സബ്സിഡി നല്‍കി പ്രാദേശികമായി വിജയിപ്പിക്കാന്‍ കഴിയുന്ന സംരംഭക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ''പഞ്ചമി ഗ്രാമം'' വികസന പദ്ധതിയിലൂടെ മൂന്നുമുതല്‍ 15 വരെ വീടുകളുള്ള ഉന്നതികള്‍ സമഗ്ര വികസനത്തിനായി ഏറ്റെടുത്ത് നടപ്പാക്കാനും കഴിയും. ഇതിന്റെ പൈലറ്റ് പ്രോജക്റ്റായി ജില്ലയിലെ മുനിക്കുന്ന്, കക്കാട് ഉന്നതികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ, ഉന്നതി സ്‌കോളര്‍ഷിപ്പിലൂടെ കുട്ടികള്‍ക്ക് വിദേശപഠനത്തിന് അവസരമൊരുക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ രമേഷ് പിഷാരടി എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥിയായി. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി.രാജു, വൈസ് പ്രസിഡന്റ് എന്‍. സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി.സിന്ധു, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പി. സ്മിതേഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ ടി.ബേബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ശശികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എച്ച്. റഷീദ്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം എം.രാജന്‍, ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗം ബി.സി. അയ്യപ്പന്‍, പിന്നാക്കവിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ശ്രീജിത്ത്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം. ഷമീന, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ജി.ശ്രീകുമാര്‍, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ എച്ച്. ഹൗസത്ത്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments