സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 9)*
"പുതുയുഗ വഴിയിൽ നാമുയരുന്നു... നാടുണരുന്നു" എന്ന മുദ്രാവാക്യമുയർത്തി പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും ഇന്ന് (ഒക്ടോബർ 9) ഉച്ചയ്ക്ക് 12-ന് തൃശ്ശൂർ ടൗൺ ഹാളിൽ നടക്കും. രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിക്കും. മാള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം. മേഘ വകുപ്പുതല പദ്ധതികൾ വിശദീകരിക്കും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എം.പി.മാരായ ബെന്നി ബെഹനാൻ, കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലയിലെ എം.എൽ.എ.മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ചവരെ പരിപാടിയിൽ ആദരിക്കും. രാവിലെ പത്ത് മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ ആരംഭിക്കും. 'പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം 1989' എന്ന വിഷയത്തിൽ ഡി.എൽ.എസ്.എ സംവാദ പാനൽ അഭിഭാഷക അഡ്വ. അപ്സര പാണ്ഡ്യനും, 'സംരംഭകത്വ വികസനം' എന്ന വിഷയത്തിൽ തൃശ്ശൂർ കോർപ്പറേഷൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. ഇജാസ് അഹമ്മദും ക്ലാസുകൾ നയിക്കും. ഒക്ടോബർ രണ്ട് മുതൽ 15 വരെയാണ് സംസ്ഥാന വ്യാപകമായി പക്ഷാചരണം സംഘടിപ്പിക്കുന്നത്.
- Log in to post comments