Skip to main content

മാനസിക വെല്ലുവിളികൾ നേരിടുന്നവരെ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യം : മന്ത്രി കെ മുരളീധരൻ

           മാനസിക വെല്ലുവിളികൾ നേരിടുന്നവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ മുരളീധരൻ. മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മാനസികാരോഗ്യ ആചരണ ബോധവത്കരണ മാസത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

           മാനസിക വെല്ലുവിളികൾ നേരിടുന്നവരെ ശ്രദ്ധയോടെ കേട്ട്  അതിലൂടെ സമൂഹത്തിലും സർക്കാർ നയരൂപീകരണത്തിലും മാറ്റങ്ങൾ  കൊണ്ടുവരികയുമാണ് ഈ വർഷത്തെ മാനസിക ദിനാചരണ ക്യാമ്പയിൻ കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളം സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം, ഇന്ത്യൻ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ബ്രാഞ്ച്, വേണാട് ഗിൽഡ് ഓഫ് സൈക്ക്യാട്രിസ്റ്റ് ആൻഡ് മാനസ കേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വി മുരളീധരൻ എം എൽ എ അധ്യക്ഷനായി.

           കേരളം സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ലോഗോ മന്ത്രി കെ മുരളീധരൻ പ്രകാശനം ചെയ്തു.  മെഡിക്കൽ കോളേജ് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ സൈക്ക്യാട്രിസ്റ്റ് ഡോ. ജോസഫ് മോനിയെ മന്ത്രി ആദരിച്ചു. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി മാനസികാരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ അനുഭവങ്ങൾ പങ്കുവെച്ചു.

           തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, ജോയിന്റ് ഡയറക്ടർ ഡോ. മിനി എസ് എസ്,  മെന്റൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മിലി ബാബു, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രൻ, മാനസികാരോഗ്യ വിഭാഗം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. കിരൺ പി എസ്, ഡോ. അനിൽ കുമാർ ടി വി, ഡോ അരുൺ ബി നായർ, ഡോ. മേഴ്‌സി ജോയ് സെബാസ്റ്റ്യൻ, ഡോ സാഗർ റ്റി, ഡോ മോഹൻ റോയ് ജി തുടങ്ങിയവർ സന്നിഹിതരായി.

പി.എൻ.എക്‌സ്. 4238/2026

date