Skip to main content

മനസികാരോഗ്യ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം : മന്ത്രി കെ. മുരളീധരൻ

സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാനസികാരോഗ്യ രംഗത്തും പുരോഗതി അനിവാര്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ.  ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രികളിൽ ആരംഭിക്കുന്ന സൗജന്യ മാനസികാരോഗ്യക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെയും യുവാക്കളുടെയും മാനസിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണണം. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് സമൂഹത്തെ വേണ്ടവിധം ബോധവൽക്കരിക്കേണ്ടതുണ്ട്. മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവരെ ശ്രദ്ധയോടെ കേൾക്കണം. സർക്കാരും ജനങ്ങളും ചേർന്ന കൂട്ടായ പ്രവർത്തനമാണ് ഈ മേഖലയിൽ വേണ്ടത്. മന്ത്രി പറഞ്ഞു.

ആരോഗ്യ കേരളം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രേണു രാജ് അധ്യക്ഷയായി.  'ജീവിതാനുഭവങ്ങൾ കേൾക്കാം, യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റം' എന്നതാണ് ഈ വർഷത്തെ പ്രമേയം. മാനസികാരോഗ്യ സേവനങ്ങൾ ജനങ്ങളിലെത്തിക്കുകയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ ധാരണകളും സാമൂഹികനിന്ദയും വിവേചനവും ഇല്ലാതാക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടികളും മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.

തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർമാരായ ഡോ. ഷിനു കെ എസ്, ഡോ. കെ സന്ദീപ്,  സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റി സി ഇ ഒ ഡോ. മിലി ബാബു, വാർഡ് കൗൺസലർ ഷേർലി എസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, സ്റ്റേറ്റ് മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ, മെന്റൽ ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. കിരൺ പി എസ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4243/2026

date