Skip to main content

സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

വിവിധ ജില്ലകളിലെ സിനിമ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകൾ നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് കാരണം കാണിക്കൽ നോട്ടീസുകൾ നൽകി.   പിഴയായി 62,000 രൂപയും ചുമത്തി. തിയേറ്ററുകളിൽ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദർശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടർന്നാണു സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  അനൂപ് ജേക്കബിന്റെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയത്.

കോഴിക്കോട് രാമനാട്ടുകര സുരഭി തിയേറ്ററുകളിലെ പരിശോധനയിൽ പാക്കറ്റുകളിൽ നിർമ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിനു നോട്ടീസ് നൽകി. ചെറുവണ്ണൂർ ഫറോക്കിലെ മല്ലിക പ്‌ളക്‌സ്  തിയേറ്ററിൽ 60 ഗ്രാം പോപ്‌കോണിൽ 7.5 ഗ്രാം തൂക്കം കുറച്ചു വിൽപ്പന നടത്തിയതിനു കേസെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാരപദാർഥങ്ങൾ സൂക്ഷിച്ചതിനും പാക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണ്ണമല്ലാത്തതിലും ലൈസൻസ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു.

കണ്ണൂർ പയ്യന്നൂർ അർച്ചന കോംപ്‌ളക്‌സിൽ തൂക്കം കുറച്ചു പോപ്‌കോൺ വില്പന നടത്തിയതിനു 10,000 രൂപ പിഴ ഈടാക്കി.  ചെറുപുഴ എ.കെ. സിനി പാലസിൽ സമാനമായ കേസിൽ 5,000 രൂപ പിഴ ഈടാക്കി. ദേവ് സിനിമാസ് കണിച്ചാർ തിയേറ്ററിനും ഇതേ കാര്യത്തിന് കേസെടുത്തു. ഉളിക്കൽ എസ്‌ജേസ് ജി സിനിമ തിയേറ്ററിൽ വെയിംഗ് മെഷീൻ യഥാസമയം മുദ്രചെയ്യാത്തതിനു കേസെടുത്തു. വിലവിവര പട്ടിക പ്രദർശിപ്പിക്കാനും തിയേറ്റർ ഹാളിനുപുറത്തു കുടിവെള്ളം സജ്ജീകരിക്കാനും മറ്റൊരു സ്ഥാപനത്തിനു സിവിൽ സപ്ലൈസ് വകുപ്പ് നിർദ്ദേശം നൽകി. 

കോട്ടയത്തെ ധന്യ രമ്യ തിയേറ്ററിലും പോപ്‌കോൺ തൂക്കം കുറച്ചു വില്പന നടത്തിയതിനു കേസെടുത്തു. 5,000 രൂപ പിഴ ഈടാക്കി. അനുപമ തിയേറ്റർ, കുമരകത്തെ വെൽവെറ്റ് വ്യൂ തിയേറ്റർ എന്നിവിടങ്ങളിൽ നോൺ സ്റ്റാൻഡേർഡ് അളവ് ഉപയോഗിച്ചു വിൽപ്പന നടത്തിയതിനു നോട്ടീസ് നൽകി.

എറണാകുളം ജില്ലയിൽ ആലുവ, അങ്കമാലി, നോർത്ത് പറവൂർ, അയ്യമ്പിള്ളി, ഞാറക്കൽ എന്നിവിടങ്ങളിലെ 8 തിയേറ്ററുകളിലാണു പരിശോധന നടത്തിയത്. ആലുവ മാതാ-മാധുര്യ തിയേറ്ററിൽ 30 രൂപക്ക് 210 എം.എൽ. ചായ നൽകേണ്ടിടത്തു 130 എം.എൽ. ചായയാണ് നൽകിയത്. പോപ്‌കോൺ തൂക്കത്തിലും ഗണ്യമായ കുറവ് കണ്ടെത്തി. 25,000 രൂപ പിഴ ചുമത്തി. കുടിവെള്ളം കാണാവുന്ന സ്ഥലത്തു വെക്കണമെന്ന് സിവിൽസപ്ലൈസ് വകുപ്പും നിർദേശം നൽകി.

ആലപ്പുഴ ചെങ്ങന്നൂർ സി സിനിമാസിൽ യഥാസമയം മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനു കേസെടുത്തു. 2,000 രൂപ പിഴയിട്ടു.  റൈബാൻ സിനി ഹൗസിൽ പോപ്‌കോണിനു വില പ്രദർശിപ്പിച്ചതിൽ തൂക്കം രേഖപ്പെടുത്താത്തതിനു നോട്ടീസും നൽകി.

കൊല്ലം ചിന്നക്കട ഉഷ എ/സി സിനിമാ തിയേറ്ററിന്റെ സ്റ്റാളിൽ പാക്കറ്റുകളിൽ രേഖപ്പെടുത്തൽ പൂർണമല്ലാത്തതിനും വിലവിവരപ്പട്ടികയിൽ ഭക്ഷ്യവസ്തുക്കളുടെ അളവ്/ തൂക്കം രേഖപ്പെടുത്താത്തതിനും നോട്ടീസ് നൽകി. ഇവിടെ 130 എം.എൽ. എന്നു രേഖപ്പെടുത്തി വിൽപ്പന നടത്തിയ കോഫി അളന്നു പരിശോധിച്ചതിൽ 92 എം.എൽ. മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാക്കറ്റുകളിൽ ലേബൽ വിവരങ്ങൾ പൂർണമല്ലാത്തതിനും ബില്ല് നൽകാത്തതിനും ജില്ലാസപ്ലൈ ഓഫീസറും ഭക്ഷ്യ സുരക്ഷാ വകുപ്പും കേസെടുത്തു.

പാലക്കാട് ചുണ്ണാമ്പുത്തറയിലെ സി.എൻ.സി. സിനിമാസിൽ നടത്തിയ പരിശോധനയിൽ പോപ്‌കോൺ 65 ഗ്രാം പാക്കറ്റിൽ 25 ഗ്രാമിന്റെ കുറവു കണ്ടെത്തി.

മലപ്പുറം കോട്ടക്കൽ ലീന തിയറ്ററിൽ പോപ്‌കോൺ തൂക്കം കുറച്ചു വില്പന നടത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരസാധനങ്ങൾ സൂക്ഷിച്ചതിനും ആഹാരം വിൽപ്പന നടത്തുന്ന തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ധരിക്കേണ്ട ഹെഡ് ക്യാപ് ധരിക്കാത്തതിനും  കേസെടുത്തു.

തൃശൂർ ഇരിങ്ങാലക്കുട ചെമ്പകശേരി സിനിമാസ്, ചാലക്കുടിയിലെ ഡി സിനിമാസ്, സുരഭി തിയേറ്റർ, ഊരകത്തെ ശിവദം തിയേറ്റർ എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ത്രാസുകൾ യഥാസമയം പുനഃപരിശോധന നടത്തി മുദ്ര പതിപ്പിക്കാത്തതായി കണ്ടെത്തി. മറ്റു ജില്ലകളിൽ നടന്ന പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയിട്ടില്ല.

പി.എൻ.എക്‌സ്. 4253/2026

date