ടൂറിസം വികസനത്തിന് വള്ളംകളി മത്സരങ്ങൾ മുതൽക്കൂട്ടാകും – മന്ത്രി റോജി എം. ജോൺ
സി.ബി.എൽ അഞ്ചാം പാദമത്സരങ്ങൾ നടന്നു
ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) ആറാം പതിപ്പിലെ അഞ്ചാം പാദ മത്സരങ്ങൾ കൊച്ചിയിൽ അരങ്ങേറി. കേരളത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെയുള്ള വള്ളംകളി മത്സരങ്ങൾ നിർണായക പങ്കുവഹിക്കുമെന്ന് അഞ്ചാം പാദ മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. പ്രാദേശിക വള്ളംകളികൾക്കും ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരങ്ങൾക്കും വേദിയൊരുക്കുന്നതിലൂടെ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് അകത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും നിരവധി ആളുകളാണ് മത്സരം കാണാനായി എത്തിയത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകാനും കേരളത്തെ കൂടുതൽ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താനും ഇത്തരം പരിപാടികൾ സഹായിക്കും. ടൂറിസം മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ 325 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഈ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ദീർഘകാല ആവശ്യം യാഥാർഥ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒന്നു മുതൽ ഒൻപതു വരെ സ്ഥാനങ്ങൾ നേടിയ ചുണ്ടൻ വള്ളങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ മാറ്റുരച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മത്സരത്തിന്ന് മാറ്റുരയ്ക്കാൻ എത്തിയിരുന്നു.
സിബിഎൽ വള്ളംകളി മത്സരത്തിൽ പള്ളാത്തുരുത്തി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനവും, യു.ബി.സി കൈനകരി/എഫ്.സി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും, പി.ബി.സി പുന്നമട/എൻ.സി.എഫ്.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രാദേശിക വള്ളം കളി മത്സരമായ (ഇന്ദിരാഗാന്ധി എവർറോളിംഗ് ട്രോഫി) ഇരുട്ടുകുത്തി വള്ളം കളിയിൽ ഗരുഡൻ ഒന്നാം സ്ഥാനവും, താണിയൻ, തുരുത്തിപ്പുറം എന്നീ വള്ളങ്ങൾ യഥാക്രമം രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ പതാക ഉയർത്തി, കളക്ടർ ജി. പ്രിയങ്ക വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൻഡ ജേക്കബ്, എം.എൽ.എമാരായ ടി. ജെ. വിനോദ്, ദീപക് ജോയ്, എറണാകുളം നോർത്ത് കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ,എറണാകുളം സൗത്ത് കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ,സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്‌ണ, അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സ്പെഷ്യൽ പ്രൊജക്ട്സ് അബ്‌ദുൽ സലാം, എറണാകുളം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അജീഷ്,
സി.ബി.എൽ ടെക്നിക്കൽ ടീം അംഗങ്ങളായ അഡ്വ. എ. എ. ഷുക്കൂർ, ആർ. കെ. കുറുപ്പ്, തോമസ് ജോസഫ്, കെ.ടി.എം പ്രതിനിധി ജിബ്രാൻ, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments