സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം
'പുതുയുഗ വഴിയിൽ നാമുയരുന്നു നാടുയരുന്നു' എന്ന സന്ദേശമുയർത്തി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. കോട്ടക്കൽ നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയർപേഴ്സൺ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. എ.ഡി.എം പി.ഒ. സാദിഖ് വിശിഷ്ടാതിഥിയായി. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ വിവിധ പദ്ധതികളെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസിന് കെ.പി. പ്രസാദ് നേതൃത്വം നല്കി. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജില്ലയിലെ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വേദിയിൽ വിതരണം ചെയ്തു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ശാക്തീകരിച്ച് മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 16 വരെ നീളുന്ന വിവിധ പരിപാടികൾ ജില്ലയിൽ നടക്കും. സെമിനാറുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ക്യാംപയിനുകൾ, മെഡിക്കൽ ക്യാംപുകൾ എന്നിവ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തും.
കോട്ടക്കൽ നഗരസഭാ വൈസ് ചെയർപേഴ്സൺ റംല പാറോളി, സ്ഥിരംസമിതി അധ്യക്ഷരായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, നഗരസഭാ കൗൺസിലർ വേലായുധൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ്. ശ്രീജ, സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ പി. അനീഷ്, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. ദിലീപ്, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments