സീറോ വേസ്റ്റ് മാതൃകാ വട്ടംകുളം’ കാമ്പയിന് തുടക്കം
സമ്പൂർണ ശുചിത്വവും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന 'സീറോ വേസ്റ്റ് മാതൃകാ വട്ടംകുളം' കാമ്പയിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നിർമലം പുതുയുഗ ശുചിത്വ കേരളം കാമ്പയിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം അഡ്വ. വി.എസ് ജോയ് എം.എൽ.എ നിർവഹിച്ചു.
ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ അന്നേ ദിവസം തന്നെ തരംതിരിച്ച് എം.സി.എഫുകളിൽ കെട്ടിക്കിടക്കാതെ മാറ്റുന്നതാണ് പദ്ധതി. എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പ്രവർത്തന രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള 40 അംഗ ഹരിതകർമസേനയെ 100 അംഗങ്ങളാക്കി ഉയർത്തും. കൂടാതെ സ്ക്രാപ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഇനോക്കുലം നിർമാണ യൂണിറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഹരിതകർമസേനയ്ക്ക് നൽകുന്ന രണ്ടാമത്തെ വാഹനത്തിന്റെ ഫ്ലാഗ് ഓഫും ചടങ്ങിൽ നടന്നു. പരിപാടിയുടെ ഭാഗമായി ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനവും ശുചിത്വ സന്ദേശ വിളംബര റാലിയും സംഘടിപ്പിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ അധ്യക്ഷയായി. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി എം.ജി സുരേഷ്, എക്കോ വേൾഡ് ചെയർമാൻ ഇബ്രാഹിം സാഹിബ് എന്നിവരെ ആദരിച്ചു. ഹരിതകർമസേന വിവരശേഖരണ ഫോം പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുജീബ് പൂളക്കൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ മജീദ് കഴുങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ നജീബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം ആസിയ പരക്കുഴിയിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി. സുമതി, എ.എസ് സുബിത, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.പി ഹൈദരലി, പഞ്ചായത്തംഗങ്ങളായ ഷമീന ഷഫീഖ്, വി.പി.എം മുസ്തഫ, ചന്ദ്രബോസ്, സുനിൽകുമാർ, ജിതേഷ്, സി.ഡി.എസ് പ്രസിഡന്റ് ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments