Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം; ജില്ലാതല സമ്മേളനം സംഘടിപ്പിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'പുതുയുഗ വഴിയിൽ നാമുയരുന്നു. നാടുണരുന്നു' എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ രണ്ട് മുതൽ 15 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനത്തിൻ്റെയും സെമിനാറിൻ്റെയും ഉദ്ഘാടനം രാജൻ ജെ. പല്ലൻ എം.എൽ.എ നിർവ്വഹിച്ചു.

തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഐക്യദാർഢ്യ സന്ദേശം നൽകി. വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ചവരെ പരിപാടിയിൽ ആദരിച്ചു. മാള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം. മേഘ വകുപ്പ് പദ്ധതികളെക്കുറിച്ച് വിശദീകരണം നടത്തി.
 സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ അഡ്വ. അപ്സര പാണ്ഡ്യൻ, തൃശൂർ കോർപ്പറേഷൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. ഇജാസ് അഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കാവ്യ രഞ്ജിത്ത്, സി.കെ. വിനോദ്, കൗൺസിലർമാരായ വിബിത വാസു, ജോയ് ബാസ്റ്റിൻ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  പി. വി. ശ്രീജിത്ത്, പട്ടികവർഗ്ഗ വികസന ഓഫീസർ ആർ. സിന്ധു എന്നിവർ സംസാരിച്ചു. ചടങ്ങിന് ജില്ലാ പട്ടികജാതി വികസന ഓഫീസർ (ഐ/സി) എ. പി. സീന  സ്വാഗതവും തൃശൂർ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ വി. പ്രബിത നന്ദിയും പറഞ്ഞു.
 

date