പാർശ്വവൽക്കരിക്കപ്പെട്ടവരെ അടുത്തറിയാൻ 'ഉന്നതി ഭവന സന്ദർശനവുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ട് മനസ്സിലാക്കി ക്ഷേമപദ്ധതികൾ കൃത്യമായി എത്തിക്കാൻ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 'ഉന്നതി' ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി.
സംസ്ഥാന സാമൂഹ്യ ഐക്യദാർഢ്യ വാരാചരണത്തിന്റെ ഭാഗമായി കാലടി പഞ്ചായത്തിലെ ചിറ്റേപ്പാടം ഉന്നതിയിൽ സംഘടിപ്പിച്ച ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യതലങ്ങളിൽ അർഹമായ പരിഗണനയും ശബ്ദവും ലഭിക്കാതെ പോയ പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് വ്യക്തികളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള വികസന സമീപനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിയൻ ദർശനങ്ങൾ മുൻനിർത്തി ഉന്നതികളിലെ ഓരോ കുടുംബത്തെയും അടുത്തറിഞ്ഞ് ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കാനും, സംസ്ഥാന സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ക്ഷേമപദ്ധതികൾ അർഹരിൽ എത്തിക്കാനും ഇത്തരം സന്ദർശനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സമഗ്ര പുരോഗതിക്കും വഴിതുറക്കുന്ന അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ മാതൃകാപരമായ പ്രവർത്തനം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും പ്രചോദനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. എം. വർഗ്ഗീസ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, ജില്ലാ പഞ്ചായത്ത് അംഗം അഹല്യാ സദാനന്ദൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ പുഷ്ക്കല തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലതിക ശശികുമാർ, അംഗങ്ങളായ ജയ ഫ്രാൻസീസ്, സീന ദേവസിക്കുട്ടി, ലിംസി ബിജു, ലൗലി ബേബി സെബാസ്റ്റ്യൻ, കാലടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ആർ. മോഹനൻ, ലേഖ വത്സൻ, ജെസ്സി വർഗ്ഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചൻ, അങ്കമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അഞ്ചു കൃഷ്ണൻ, എസ്.സി പ്രൊമോട്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments