കാര്‍ഷിക വൃത്തി പഠനത്തിന്റെ ഭാഗം; ജില്ലയിലെ 27 വിദ്യാലയങ്ങളില്‍ കതിര് കാര്‍ഷിക ക്ലബ്ബുകള്‍
പുതുതലമുറയില്‍ കാര്‍ഷിക സംസ്‌കാരവും കൃഷിയോടുള്ള താല്‍പര്യവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കതിര് പദ്ധതി ജില്ലയിലേക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 27 സ്‌കൂളുകളിലാണ് കതിര് അഥവാ കേരള അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി ഹെറിറ്റേജ് ആന്‍ഡ് ഇന്നോവഷന്‍ ഫോര്‍ റൂറല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്ന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ക്ലബ്ബുകള്‍ തുടങ്ങുക. കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 500 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്.
കാര്‍ഷിക സാങ്കേതികവിദ്യ, പരമ്പരാഗത കാര്‍ഷിക അറിവ്, നൂതന ആശയങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം എന്നിവയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പത്ത് സെന്റ് സ്ഥലത്ത് മാതൃകാ പോഷകത്തോട്ടം, സ്‌കൂള്‍ കാര്‍ഷിക ഉദ്യാനം, പഴവര്‍ഗക്കൃഷി, പുഷ്പ-ഔഷധസസ്യത്തോട്ടം, ജൈവകൃഷി, ജൈവവള നിര്‍മാണം, മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണം, ജൈവകീടനാശിനി നിര്‍മാണം, വിത്ത് ബാങ്ക് സ്ഥാപിക്കല്‍, തനത് വിത്തുകളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
ഓരോ കാര്‍ഷിക ക്ലബ്ബിലേക്കും 25 മുതല്‍ 30 വരെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തും. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് കമ്മിറ്റിയും പദ്ധതിയുടെ ഭാഗമായി രൂപീകരിക്കും. പച്ചക്കറിത്തോട്ട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തിന് വിദ്യാലയത്തിന് 10,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിലൂടെ അവരില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുക, പുതുതലമുറയെ കാര്‍ഷിക മേഖലയുമായി കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുക, പരിസ്ഥിതി സൗഹൃദ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments