Skip to main content

വയോസേവന അവാര്‍ഡ്: അവസാന തീയതി 31 വരെ നീട്ടി

സാമൂഹികനീതി വകുപ്പ് നല്‍കുന്ന 2026-ലെ സംസ്ഥാന വയോസേവന അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

ആറ് വിഭാഗങ്ങളിലാണ് വയോസേവന അവാര്‍ഡുകള്‍ നല്‍കുക. വയോജന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടന (എന്‍.ജി.ഒ), മികച്ച മെയിന്റനന്‍സ് ട്രൈബ്യൂണല്‍, മികച്ച സര്‍ക്കാര്‍ വൃദ്ധസദനം അല്ലെങ്കില്‍ സായംപ്രഭ ഹോം, മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തിലെ മികച്ച കായികതാരം, കല-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ മികച്ച പ്രവര്‍ത്തനം, ആജീവനാന്ത ബഹുമതി എന്നിവയാണ് വിവിധ പുരസ്‌കാര വിഭാഗങ്ങള്‍.

കൂടാതെ വയോജനങ്ങള്‍ക്കായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍, നഗരസഭ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുക. അവാര്‍ഡ് സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും www.swdkerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0491 2505791.

date