Skip to main content

ഏഴാം ധനകാര്യക്കമ്മീഷന്റെ മൂന്നാമത് റിപ്പോർട്ട് സമർപ്പിച്ചു

           2027-28 മുതൽ 2030-31 വരെയുള്ള കാലയളവിൽ പ്രാദേശിക സർക്കാരുകൾക്ക് കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച് ഏഴാം ധനകാര്യക്കമ്മീഷൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ധനക്കമ്മീഷൻ ചെയർമാൻ പ്രൊഫ. കെ. എൻ. ഹരിലാൽ, കമ്മീഷൻ അംഗങ്ങൾ കെ. ആർ. ജ്യോതിലാൽ, ടി. വി. അനുപമ തുടങ്ങയവർ ചടങ്ങിൽ സംബന്ധിച്ചു. ഏഴാം ധനക്കമ്മീഷന്റെ മൂന്നാമത് റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചത്.

           വിഭവവിതരണത്തിന്റെ മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. തദ്ദേശസ്ഥാപനത്തിന്റെ ജനസംഖ്യ, വിസ്തൃതി എന്നിവയോടൊപ്പം നഗരവത്കരണത്തെ സൂചിപ്പിക്കുന്ന ജനസാന്ദ്രത, ജനസംഖ്യാ പരിണാമത്തെ സൂചിപ്പിക്കുന്ന മുതിർന്ന പൗരൻമാരുടെ അനുപാതം തുടങ്ങിയവ വിഭവവിതരണത്തിലെ  പുതിയ സമീപനത്തിന്റെ ഭാഗമാണ്.

           തദ്ദേശഭരണസ്ഥാപനങ്ങൾ സ്വന്തം വരുമാനം വർധിപ്പിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും അതിനുള്ള മാർഗങ്ങളും റിപ്പോർട്ടിന്റെ ഭാഗമാണ്. നികുതി-നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങൾക്കുള്ള സാധ്യത സംസ്ഥാന സർക്കാരിനേക്കാൾ മെച്ചപ്പെട്ടതാണ് എന്നതാണ് കമ്മീഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിനെ അപേക്ഷിച്ച് കൂടുതൽ വളർച്ചാ സാധ്യതയുള്ള നികുതി-നികുതിയേതര സ്രോതസ്സുകൾ ഉള്ളത് പ്രാദേശിക സർക്കാരുകൾക്കാണ്. ഒപ്പം,  തദ്ദേശസ്ഥാപനങ്ങൾക്ക് സുരക്ഷിതമായി കൂടുതൽ വായ്പ എടുക്കാനും കഴിയും. തദ്ദേശസ്ഥാപനങ്ങളുടെ വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പാപരിധിയിൽ പെടില്ല എന്ന മെച്ചവുമുണ്ട്. നികുതി-നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനും വായ്പകളുടെയും മുനിസിപ്പൽ ബോണ്ടുകളുടേയും സാധ്യത പ്രയോജനപ്പടുത്തുന്നതിനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിന്റെ ഭാഗമാണ്. കോർപ്പറേറ്റുകളുടെ സാമൂഹ്യസുരക്ഷ ഫണ്ട് (സിഎസ്ആർ) ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന തദ്ദേശസ്ഥാപനങ്ങൾ പിറകിലാണ്. സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്നതിനും ഊർജിത പരിശ്രമം ആവശ്യമാണ്. ഭരണനിർവഹണ സംവിധാനത്തിൽ, പ്രത്യേകിച്ചും നഗരഭരണത്തിൽ വലിയ അഴിച്ചുപണി ആവശ്യമാണെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു.

           കേന്ദ്ര ധനക്കമ്മീഷൻ ഗ്രാന്റിന്റെ 83.45 ശതമാനം തുക മുനിസിപ്പാലിറ്റികൾക്കും സിറ്റി കോർപ്പറേഷനുകൾക്കുമായാണ് അനുവദിച്ചിരിക്കുന്നത്. ജനസംഖ്യയുടെ 77 ശതമാനം അധിവസിക്കുന്ന ഗ്രാമീണമേഖലയ്ക്ക് 16.55 ശതമാനം തുക മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രധനക്കമ്മീഷൻ ഫണ്ട് വെട്ടിക്കുറച്ചതിന്റെ പ്രയാസം ഗ്രാമീണമേഖല നേരിടുമ്പോൾ അധിക വിഭവം ലഭ്യമാകുന്ന മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും തലവേദനയാവുന്നത് കേന്ദ്രധനക്കമ്മീഷൻ നിഷ്കർഷിക്കുന്ന നിബന്ധനകളാണ്.

           പ്രാദേശിക സർക്കാരുകളുടെ വികസനപദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അക്കാദമിക് സ്ഥാപനങ്ങളും പ്രാദേശിക ഗവൺമെന്റുകളും പ്രാദേശിക സമ്പദ്ഘടനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾച്ചേർത്തിരിക്കുന്നു.                                                                                                                                പി.എൻ.എക്‌സ്. 4269/2026

date