ഭക്ഷ്യ സുരക്ഷാ വകുപ്പ് 2148 സ്ഥാപനങ്ങളില് പരിശോധന നടത്തി; 4,16,000 രൂപ പിഴയീടാക്കി
ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2148 സ്ഥാപനങ്ങളില് പരിശോധന നടത്തിയതില് 4,16,000 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര് അറിയിച്ചു. പരിശോധനയില് 399 സ്റ്റാറ്റിറ്റിയൂട്ടറി സാമ്പിളുകളും 617 സര്വയിലന്സ് സാമ്പിളുകളും ശേഖരിച്ച് ലാബ് പരിശോധനക്ക് അയച്ചു. 22 സാമ്പിളുകള് സുരക്ഷിതമല്ലാത്തതായും 17സാമ്പിളുകള് നിലവാരം കുറഞ്ഞതായും ഒമ്പത് സാമ്പിളുകള് മിസ് ബ്രാന്ഡഡായും കണ്ടെത്തി. ഇതേത്തുടര്ന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം 23 പ്രോസിക്യൂഷന് കേസുകളും 34 അഡ്ജ്യൂഡിക്കേഷന് കേസുകളും എടുത്തു.
ജൂലൈ മുതല് സെപ്റ്റംബര് വരെയുള്ള കാലയളവില് ചെറിയ ന്യൂനതകള് കണ്ടെത്തിയ 196 സ്ഥാപനങ്ങള്ക്ക് കര്ശന നിര്ദേശത്തോടെ റെക്ടിഫിക്കേഷന് നോട്ടീസ് നല്കുകയും 57 സ്ഥാപനങ്ങള്ക്ക് മെച്ചപ്പെടുത്തല് നോട്ടീസ് നല്കുകയും ചെയ്തു. ഗുരുതരമായ ന്യൂനതകള് കണ്ടെത്തിയ 122 സ്ഥാപനങ്ങള്ക്കാണ് പിഴ അടക്കുന്നതിന് നോട്ടീസ് നല്കിയത്. ഇതില് 111 സ്ഥാപനങ്ങളില് നിന്നായി 4,16,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള് പാലിയ്ക്കാതെയും ലൈസന്സ് ഇല്ലാതെയും പ്രവര്ത്തിച്ച 23 സ്ഥാപനങ്ങളുടെ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെപ്പിച്ചു. ഭക്ഷ്യ സുരക്ഷാ മൊബൈല് ലാബിന്റെ സഹായത്തോടെ 935 സാമ്പിളുകള് പരിശോധിയ്ക്കുകയും ആവശ്യമായ നിര്ദേശങ്ങള് നല്കുകയും ചെയ്തതായും അസിസ്റ്റന്റ് കമ്മിഷണര് അറിയിച്ചു.
- Log in to post comments