കായൽ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2
കൊച്ചി മഹാ നഗരത്തിന്റെ തിക്കിലും തിരക്കുകളിലും നിന്ന് അൽപ്പം ആശ്വസിക്കാൻ, ജെൻസി ഭാഷയിൽ പറഞ്ഞാൽ വൈബ് പിടിക്കാൻ ഇനിമുതൽ സൗരയുമുണ്ട് കായൽ പരപ്പുകളിൽ.
സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ജലഗതാഗത വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സൗര -2 ബോട്ട് യാത്ര ജില്ലയിൽ വന്നു പോകുന്ന വിനോദസഞ്ചാരികൾക്കിടയിൽ മാത്രമല്ല, കൊച്ചി നിവാസികളിലും ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതാണ് ഈ സോളാർ ബോട്ട്.
വ്യാവസായിക നഗരത്തിന്റെ ഉൾക്കാഴ്ചകൾ ആസ്വദിക്കാൻ ദിവസവും രണ്ട് നേരമാണ് സവാരി നടത്തുന്നത്. രാവിലെ പതിനൊന്നിന് എറണാകളം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വില്ലിംഗ്ടൺ ഐലന്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, പോർട്ട് സൈഡ്, അഴിമുഖം തുടങ്ങിയ കൊച്ചിയുടെ വിസ്മയക്കാഴ്ചകളിലൂടെ സഞ്ചരിച്ച് ഫോർട്ട് കൊച്ചിയിൽ എത്തി അവിടെ അരമണിക്കൂർ ചിലവഴിച്ച് തിരികെ എത്തിക്കുന്ന സീ കൊച്ചിനാണ് ആദ്യത്തേത്.
വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച് നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന സീ കടമക്കുടിയെന്ന രണ്ടാമത്തെ സർവീസിൽ ബോൾഗാട്ടി പാലസ്, മുളവുകാട്, കുറങ്ങോട്ട, തുടങ്ങി പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട ഇടങ്ങൾ താണ്ടി സൂര്യാസ്തമയത്തിന്റെ ദൃശ്യസൗന്ദര്യം തുളുമ്പുന്ന കടമക്കുടിയിൽ അവസാനിച്ച് രാത്രി എട്ട് മണിക്ക് തിരികെയെത്തും.
സീ കൊച്ചിക്ക് ഒരാൾക്ക് 200 രൂപയും സീ കടമക്കുടിക്ക് 300 രൂപയുമാണ് ടിക്കറ്റ് ചാർജ്. രണ്ടാം ഘട്ട യാത്രയിൽ കടമക്കുടിയിലെ ജോൺസ് ഹാവെൻ റിസോർട്ടിൽ താത്പര്യമുള്ളവർക്ക് മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണം ആസ്വദിക്കാനും നൂറു രൂപ ചിലവഴിച്ച് കയാക്കിംഗ്, ഫിഷിംഗ്, റിഫ്രഷ്മെന്റ് എന്നിവയ്ക്കുള്ള സൗകര്യവും വകുപ്പ് ഒരുക്കുന്നുണ്ട്. 30 പേർക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് സൗര-2 രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജലയാത്രയ്ക്കായി 9400050351, 9400050350 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
- Log in to post comments