Skip to main content
..

കലക്ട്രേറ്റില്‍ ആധാര്‍, പോസ്റ്റ് ഓഫീസ് സേവന മേള തുടങ്ങി

കൊല്ലം തപാല്‍ ഡിവിഷനും സിവില്‍ സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ആധാര്‍, പോസ്റ്റ് ഓഫീസ് അക്കൗണ്ട് ആന്റ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് മേള കലക്ട്രേറ്റിലെ ഐ ടി ഹാളില്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേള സബ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണെന്നും വരുമാനത്തെ ഫലപ്രദമായി വിനിയോഗിച്ചാല്‍ ഭാവിയില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാവുമെന്നും സബ് കലക്ടര്‍ പറഞ്ഞു. ആധാര്‍ സേവനങ്ങള്‍ ഒരുക്കുകയും പോസ്റ്റല്‍ സ്‌കീമുകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന മേള എല്ലാ ജീവനക്കാരും പൊതുജനങ്ങളും പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

കൊല്ലം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് എം ബിന്ദു അധ്യക്ഷത വഹിച്ചു. സീനിയര്‍ സൂപ്രണ്ട് വി ഹരിസുതന്‍, അസി. സൂപ്രണ്ടുമാരായ കെ ബൈജു കുമാര്‍,  വി ബീന, കൊല്ലം നോര്‍ത്ത് സബ് ഡിവിഷന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ര്‍ വി എസ് നീതു എന്നിവര്‍ പങ്കെടുത്തു. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ ജെ ജെയിംസ് വിവിധ പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളും ലൈഫ് ഇന്‍ഷുറന്‍സും സംബന്ധിച്ച ക്ലാസ് നയിച്ചു.

പുതിയ ആധാര്‍ എടുക്കുന്നതിനുള്ള അവസരം (18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രം), നിലവിലെ ആധാറിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള സൗകര്യം, ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍, ഡെമോഗ്രാഫിക് അപ്ഡേഷന്‍, ആധാറിലെ രേഖകളുടെ അപ്ഡേഷന്‍,  കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ അപ്ഡേഷന്‍ എന്നീ സേവനങ്ങള്‍ക്ക് പുറമേ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍, ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരാനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് മേള അവസാനിക്കും.
 
 

date