കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കർമപദ്ധതി; അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം സംഘടിപ്പിച്ചു
മാറുന്ന കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും വരൾച്ചാ ലഘൂകരണം, ജലസംരക്ഷണം എന്നിവയ്ക്കുള്ള മുൻകരുതലും നടപടികളും ശക്തമാക്കുന്നതിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും കാർഷിക മേഖലയിലുൾപ്പെടെ വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള കർമപദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി കളക്ടർ കെ.ജി. പ്രാൺസിങ്ങിന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് കളക്ടർ എ എസ് സ്വാതി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വരൾച്ചാ പ്രതിരോധത്തിനും ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് അസി. കലക്ടർ എ എസ് സ്വാതി പറഞ്ഞു. ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിന് ചെറിയ തോതിലുള്ള ഏകോപിത പ്രവർത്തനങ്ങൾക്കുപോലും വലിയ സ്വാധീനം ചെലുത്താനാകുമെന്നും അസിസ്റ്റന്റ് കലക്ടർ വിശദീകരിച്ചു . വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാകുമെന്നും അവർ വ്യക്തമാക്കി.
തുടർന്ന് ജില്ലാ ഹസാർഡ് അനലിസ്റ്റ് എസ്
ഐശ്വര്യ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. കൃഷി, ജലവിഭവം, ഫിഷറീസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വകുപ്പുകളുൾപ്പെടെ മുപ്പതോളം വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുക, അവയുടെ ആഘാതം വിലയിരുത്തുക, പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
- Log in to post comments