Skip to main content

ജീവസ്പർശം: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ അങ്കണവാടി പ്രവർത്തകർക്കായി അടിയന്തര ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു

 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്താനും അങ്കണവാടി പ്രവർത്തകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ അടിയന്തര ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. ‘ജീവസ്പർശം’ എന്ന് പേരിട്ട പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷഹർബാൻ അധ്യക്ഷത വഹിച്ചു.

 

കുട്ടികളുടെ ആരോഗ്യ അടിയന്തരാവസ്ഥകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രഥമശുശ്രൂഷയെക്കുറിച്ചും പരിശീലനത്തിൽ ക്ലാസുകൾ എടുത്തു. പൂക്കോട് എഫ്.എച്ച്.സി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു ജി.എസ്. തമ്പി പരിശീലനത്തിന് നേതൃത്വം നൽകി. അങ്കണവാടി പ്രവർത്തകർക്ക് പ്രായോഗിക അറിവും ആത്മവിശ്വാസവും പകരുകയും കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ് സ്വാഗതവും ആർ.ജി.എസ്.എ. കോർഡിനേറ്റർ ആർ. ശാന്തി കൃഷ്ണ നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ജെ. മേരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ജെ. ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബൈദ പാലക്കൽ, ആർ.കെ. ഇസ്മായിൽ, സഫീന നജീബ്, പ്രബീന സത്യൻ, ഷാനിത അബ്ദുൽ കരീം, സി.ഡി.പി.ഒ. പ്രമീള, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date