മലപ്പുറത്തിനോടുള്ള അവഗണനയ്ക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കും: മന്ത്രി പി.കെ. ബഷീർ
മലപ്പുറത്തിനോടുള്ള അവഗണനയ്ക്ക് അവസാനം കുറിക്കുന്ന വികസനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കഴിഞ്ഞ 10 വർഷം ഇടത് സർക്കാർ മലപ്പുറത്തെ എല്ലാ മേഖലയിലും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019-ലെ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഉൾവനത്തിലെ ആദിവാസി ഉന്നതികളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ചാലിയാർ പുഴയ്ക്ക് കുറുകെ ഇരുട്ടുകുത്തിക്കടവിൽ നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷം കണ്ണൂർ ജില്ലയിൽ 4,800 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാക്കിയത്. എന്നാൽ, 16 എം.എൽ.എമാരുള്ള മലപ്പുറത്ത് 1,089 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ അവഗണനയെ മറികടക്കുന്ന വികസനം മലപ്പുറത്ത് യു.ഡി.എഫ്. സർക്കാർ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രളയത്തിൽ തകർന്ന വഴിക്കടവ് പഞ്ചായത്തിലെ പുന്നപ്പുഴയ്ക്ക് കുറുകെയുള്ള പുഞ്ചകൊല്ലി പാലത്തിന്റെ പണിയും വേഗത്തിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 300 മീറ്റർ അപ്രോച്ച് റോഡ് അടക്കം 5.76 കോടി രൂപ ചെലവിട്ടാണ് ഇരുട്ടുകുത്തിക്കടവ് പാലത്തിന്റെ പണി പൂർത്തീകരിച്ചത്. 100 മീറ്റർ നീളവും 4.65 മീറ്റർ വീതിയും 5 സ്പാനുകളുമാണ് പാലത്തിനുള്ളത്.
ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി., പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, പോത്തുകൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷറഫുന്നീസ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ആർ. മാധവൻ, മഹമൂദ് തൃക്കുളം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.പി. സാദിഖലി, സിന്ധു അശോകൻ, കെ.എം. അബ്ദു, പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, സമീർബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജു തുരുത്തേൽ, സി.എച്ച്. ഇഖ്ബാൽ, പി. സഹീർ, റഷീദ് ഇലമ്പിലാശേരി, എം.വി. വിബീഷ്, എൻ.ടി. ജയപ്രകാശ്, പൊതുമരാമത്ത് പാലങ്ങൾ ചീഫ് എൻജിനീയർ എം. അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments