Skip to main content

പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ‘റിലവ്’

*ഫീൽഡ്തല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി എറണാകുളം ജില്ലാ കളക്ടർ ജി  പ്രിയങ്ക  നേതൃത്വം നൽകുന്ന ‘റിലവ്’ (ReLove) പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് കാക്കനാട് ടവർ ഓഫ് ഫെയ്ത്ത് അപ്പാർട്ട്‌മെന്റിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ്റെ പിന്തുണയോടെ സംഘടിപ്പിച്ച സ്വാപ് ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു. ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ടവർ ഓഫ് ഫെയ്ത്ത് അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്റെ ആഭുമുഖ്യത്തിൽ പെലിക്കൻ കെന്ററ (Pelican Kenterra Pvt. Ltd.)യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നതും എന്നാൽ ഉപയോഗയോഗ്യവുമായ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിലൂടെ മാലിന്യ ഉൽപ്പാദനം കുറയ്ക്കുകയും വിഭവങ്ങളുടെ പുനരുപയോഗം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സ്വാപ് ഷോപ്പിന്റെ പ്രധാന ലക്ഷ്യം. വസ്തുക്കൾ ഉപേക്ഷിക്കുന്നതിനുപകരം മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൈമാറുന്നതിലൂടെ അവയുടെ ഉപയോഗകാലാവധി വർധിപ്പിക്കാനും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണവും പാഴാക്കലും കുറയ്ക്കാനും സാധിക്കും.

ടവർ ഓഫ് ഫെയ്ത്ത് അപ്പാർട്ട്‌മെന്റിലെ താമസക്കാർ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പേനകൾ,  വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉപയോഗയോഗ്യമായ വസ്തുക്കൾ കൈമാറ്റത്തിനായി സ്വാപ്പ് മേളയിൽഎത്തിച്ചു. ആവശ്യക്കാർക്ക് ഈ വസ്തുക്കൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കിയതിലൂടെ ഉത്തരവാദിത്തപൂർണമായ ഉപഭോഗശീലത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രാധാന്യം പരിപാടി ഉയർത്തിക്കാട്ടി.

മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മാലിന്യം ഉറവിടത്തിൽത്തന്നെ കുറയ്ക്കുക, ഉപയോഗയോഗ്യമായ വസ്തുക്കൾ പരമാവധി പുനരുപയോഗിക്കുക, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുക എന്നിവയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ‘റിലവ്’ പദ്ധതി ലക്ഷ്യംവയ്ക്കുന്നു. ജനങ്ങളുടെ ഉപഭോഗശീലങ്ങളിൽ ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്നതിലൂടെയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുസ്ഥിരമായ മാലിന്യപരിപാലനത്തിന് ഇത്തരം സംരംഭങ്ങൾ സഹായകരമാകും.

വരും ആഴ്ചകളിൽ കൂടുതൽ സ്വാപ് ഷോപ്പുകൾ സംഘടിപ്പിച്ച് പദ്ധതിയുടെ ആശയം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും പുനരുപയോഗ സംസ്കാരം വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ എറണാകുളം, റസിഡന്റ്സ് അസോസിയേഷൻ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ സഹകരണത്തിലൂടെ ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരാനും പദ്ധതി ലക്ഷ്യമിടുന്നു.

‘ഒരാൾക്ക് ആവശ്യമില്ലാത്തത് മറ്റൊരാൾക്ക് ഉപകാരപ്രദമാകാം’ എന്ന സന്ദേശമാണ് സ്വാപ് ഷോപ്പ് മുന്നോട്ടുവയ്ക്കുന്നത്. 

ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഡോ. സുമി ചെറിയാൻ, മുനിസിപ്പാലിറ്റി സി.സി.എം.  ടി.കെ.സതീഷ്‌കുമാർ , ടവർ ഓഫ് ഫെയ്ത്ത് അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലൈല ജോയ്, പെലിക്കൻ കെന്ററയുടെ കേരള റീജിയണൽ മാനേജർ  കെ.ആർ ശരത്‌രാജ് തുടങ്ങിയവർ പങ്കെടുത്തു.

date