പുസ്തകത്തോടൊപ്പം കൃഷിപാഠങ്ങളും: ജില്ലയില്‍ കതിര് കാര്‍ഷിക ക്ലബിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
സ്കൂള്‍ വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'കതിര്' കാര്‍ഷിക ക്ലബ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് പാലക്കാട് ജില്ലയിലെ വിവിധ സ്കൂളുകളില്‍ തുടക്കമായി. ഭക്ഷ്യദിനത്തോടനുബന്ധിച്ച് പയ്യനെടം എ യു പി സ്കൂള്‍, മാത്തൂര്‍ വെസ്റ്റ് എ എല്‍ പി സ്കൂള്‍, ഷൊര്‍ണൂര്‍ കെ വി ആര് എച്ച് എസ, മലമ്പുഴ ആശ്രമം ഹൈസ്കൂള്‍, എന്നിവിടങ്ങളിലാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി രൂപീകരിക്കുന്ന വിദ്യാര്‍ഥി കാര്‍ഷിക ക്ലബാണ് കതിര് (കേരള അഗ്രികള്‍ച്ചര്‍ ടെക്നോളജി ഹെറിറ്റേജ് ആന്‍ഡ് ഇന്നോവേഷന്‍ ഫോര്‍ റൂറല്‍ അണ്ടര്‍ സ്റ്റാന്‍ഡിങ്). സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 25 സ്കൂളുകളിലും. കുറഞ്ഞത് 10 സെന്റ് സ്ഥലമെങ്കിലും ഉള്ള സ്കൂളുകളെയാണ്് പദ്ധതികക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്ലബില്‍ 20 മുതല്‍ 25 വിദ്യാര്‍ഥികള്‍ അംഗങ്ങളാകും.
ഒരു അധ്യാപകനെയും ഒരു വിദ്യാര്‍ഥിയെയും നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി നിരീക്ഷണസമിതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത വിഷമില്ലാത്ത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വാട്സ്ആപ് വഴി മിനി മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോമുകള് സജ്ജമാക്കും. കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് കാര്‍ഷിക ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാര്‍ഷിക സാങ്കേതിക വിദ്യ, പാരമ്പര്യ കാര്‍ഷിക അറിവ്, നവീന ആശയങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ വികസനം എന്നിവയെ ഏകോപിപ്പിച്ച് വിദ്യാര്‍ഥികളെ ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജൈവകൃഷി, പ്രകൃതി കൃഷി, സുസ്ഥിരകൃഷി എന്നിവ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക, പുതുതലമുറയെ സാമൂഹിക വിപത്തുകളില്‍നിന്നും സംരക്ഷിക്കുക, വ്യായാമശീലവും അധ്വാനശീലവും വളര്‍ത്തുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.
മാത്തൂര്‍ വെസ്റ്റ് എ എല്‍ പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി അബ്ദുള്‍ ഖാദര്‍ നിലമൊരുക്കല്‍ ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ കെ വി ആര് എച്ച് എസില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിര്‍മലയും പയ്യനെടം എ യു പി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ മണികണ്ഠന് മണ്റോട്ടിലും മലമ്പുഴ ആശ്രമം ഹൈസ്കൂളില്‍ അധ്യാപക സുബിതയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി.
- Log in to post comments