വെറ്റില കര്‍ഷകര്‍ക്ക് പിന്തുണയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്
വെറ്റില കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിന് 'വെറ്റില കൃഷി വികസന പദ്ധതി'യുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. വെറ്റില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ ജൈവവളം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൃത്യമായ പരിചരണവും ആവശ്യമായ പോഷകങ്ങളും ലഭ്യമാക്കിയാല്‍ ഒരു വെറ്റിലച്ചെടിയില്നിന്ന് തന്നെ തുടര്‍ച്ചയായി വിളവെടുക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ആവശ്യമായ ജൈവവളം ലഭ്യമാക്കുന്നതിലൂടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയില്‍ വെറ്റില കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡി നിരക്കില്‍ 2,000 രൂപ വിലവരുന്ന ജൈവവളമാണ് ലഭ്യമാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്ന് അറുപതിനായിരം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ഗ്രാമസഭയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 40 കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കെയ്കോ, റെയ്ഡ്കോ എന്നീ ഏജന്‍സികളുടെയും സര്‍വീസ് സഹകരണ സംഘത്തിന്റെയും പെര്‍മിറ്റ് മുഖേനയാണ് വളം വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പരിധിയില്‍ വെറ്റില കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും തുടര്‍ന്നും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന് വ്യക്തമാക്കി.
- Log in to post comments