വിദ്യാലയങ്ങളിലെ 'പോഷകത്തോട്ടം' പദ്ധതി വിപുലമാക്കി ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത്
കുട്ടികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും വരുംതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'പോഷകത്തോട്ടം' പദ്ധതി സ്‌കൂളുകള്‍ക്ക് പിന്നാലെ അങ്കണവാടികളിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ ഇളമ്പള്ളൂര്‍ കെ ജി വി യു പി എസ്, പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി എസ്, എസ് എ ബി റ്റി എം യു പി എസ്, ആലമൂട് യു പി ജി എസ് എന്നീ നാല് വിദ്യാലയങ്ങളാണ് പദ്ധതിയുടെ ഭാഗമായത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്‌കൂളുകള്‍ക്കും 25 ചെടിച്ചട്ടികളും തൈകളും വളവും സൗജന്യമായി നല്‍കി. സുഗമമായി കൃഷി ചെയ്യാന്‍ സാധിക്കുന്ന തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, പയര്‍ എന്നിവയുടെ തൈകളാണ് പ്രധാനമായും വിതരണം ചെയ്തത്. കൃഷി വകുപ്പിന്റെ 'ഡെവലപ്പ്‌മെന്റ് ഓഫ് ഫ്രൂട്ട് ക്ലസ്റ്റര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച ഫലവൃക്ഷത്തൈകളും വിദ്യാലയങ്ങള്‍ക്ക് നല്‍കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൃഷിയെ കുറിച്ചും പോഷകത്തോട്ടത്തിന്റെ പരിപാലനത്തെകുറിച്ചും പരിശീലനം നല്‍കുക കൂടി ചെയ്തതോടെ കൃഷി വന്‍ വിജയമായി. ഇതോടെയാണ് രണ്ടാം ഘട്ടമായി 10 അങ്കണവാടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ പഞ്ചായത്ത് തയ്യാറെടുക്കുന്നത്.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനൊപ്പം മണ്ണറിഞ്ഞ് വളരാന്‍ കുട്ടികളെ പ്രാപ്തരാക്കുക കൂടിയാണ് 'പോഷകത്തോട്ടം' പദ്ധതി. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തോട്ടത്തിന്റെ പുരോഗതി വിലയിരുത്തുകയും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്. സ്‌കൂള്‍ മുറ്റത്തെ കൃഷിയില്‍ നിന്ന് കുട്ടികളെ വിശാലമായ ഭൂവിനിയോഗ കൃഷിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇളമ്പള്ളൂര്‍ കൃഷി വകുപ്പ് ഓഫീസര്‍ ജി അഞ്ജന വ്യക്തമാക്കി.
- Log in to post comments