കായലോളങ്ങളുടെ നാട്ടിൽ വിസ്മയമൊരുക്കാൻ എടവനക്കാട് ടൂറിസം ഫെസ്റ്റ് ‘തീരതാളം 26'
വൈപ്പിൻ കരയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഉണർവ്വേകാൻ എടവനക്കാട് ഗ്രാമപഞ്ചായത്ത് ചരിത്രത്തിലാദ്യമായി ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തീരദേശ പ്രകൃതിയുടെ ആകർഷകമായ ചിത്രീകരണത്തോടെയുള്ള ടൂറിസം ഫെസ്റ്റിന്റെ ഔദ്യോഗിക നാമപ്രഖ്യാപനം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. കെ. ജോഷി മാസ്റ്റർ നിർവ്വഹിച്ചു.
നാടിന്റെ കായലോര ഭംഗിയും സാംസ്കാരിക പൈതൃകവും ആഗോളതലത്തിൽ അടയാളപ്പെടുത്തുന്ന മേളയ്ക്ക് 'തീരതാളം 26' (Coastal Rhythm 2026) എന്ന് നാമകരണം ചെയ്തു. നാടിന്റെ താളവും തനിമയും വിളിച്ചോതുന്ന മനോഹരമായ ലോഗോയാണ് ഫെസ്റ്റിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അസ്തമയ സൂര്യന്റെ പൊൻപ്രഭയിൽ കായൽ പരപ്പിലെ ചീനവലകളും നാടൻ വള്ളങ്ങളും കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും കോർത്തിണക്കിയ ലോഗോ ഒറ്റനോട്ടത്തിൽത്തന്നെ കാഴ്ചക്കാരുടെ മനസ്സ് കവരുന്നതാണ്.
പഞ്ചായത്തിന്റെ ടൂറിസം വികസനത്തിന് ഊർജ്ജം പകരുന്ന ഫെസ്റ്റിന് പൂർണ്ണ ജനകീയ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്നാണ് പേരുകൾ ക്ഷണിച്ചത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 116 നിർദ്ദേശങ്ങളിൽ നിന്നാണ് ഏറെ ആകർഷകമായ ‘തീരതാളം’ എന്ന പേര് തിരഞ്ഞെടുത്തത്. 16-ാം വാർഡ് സ്വദേശി ഇല്ലത്തുപറമ്പിൽ അബ്ദുൾ റഹിമാനാണ് പേര് നിർദ്ദേശിച്ചത്.
ചടങ്ങിൽ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹാരിദ ബൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോസ്മി, പഞ്ചായത്ത് സെക്രട്ടറി പി ചന്തു,പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി പ്രബിൻ, പഞ്ചായത്ത് അംഗങ്ങളായ നൈസി വക്കോ, ഇ എം റിനീഷ്, മിനി പുരുഷോത്തമൻ, കെ ആർ സന്തോഷ്, റേഡിയോ അവതാരക തെന്നൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments