സംസ്ഥാനതല സാന്ത്വന പരിചരണ ദിനാചരണവും പാലിയേറ്റീവ് സംഗമവും 27ന്
ലോക സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പാലിയേറ്റീവ് സംഗമവും വിവിധ പരിപാടികളും ഒക്ടോബർ 27 ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം പാളയത്തെ സത്യൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്നു.
പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവ്വഹിക്കും. തിരുവനന്തപുരം കോർപറേഷൻ മേയർ വി. വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികൾക്കുള്ള കിറ്റ് വിതരണം, പെയിൻ മാനേജ്മെന്റ് കെയറുമായി ബന്ധപ്പെട്ട ട്രെയിനിങ്, പ്രത്യേക എക്സിബിഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പാലിയേറ്റീവ് രംഗത്ത് ലോക മാതൃകയായി കേരളം
ഇന്ത്യയിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന (WHO) മാതൃകയായി അംഗീകരിച്ചിട്ടുണ്ട്.
നിലവിൽ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഇതിനായി പ്രവർത്തിക്കുന്നത്:
Ø ഗൃഹകേന്ദ്രീകൃത പരിചരണം (Home Care): ദീർഘകാല രോഗങ്ങൾ മൂലം കിടപ്പിലായ, മറ്റൊരാളുടെ സഹായം ആവശ്യമുള്ള രോഗികളെ വാർഡ് അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് പരിചരണം നൽകുന്നു. 30,000 ജനസംഖ്യക്ക് ഒരു ഹോം കെയർ യൂണിറ്റ് എന്ന കണക്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കീഴിൽ ഇവ പ്രവർത്തിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ നിയമിക്കുന്ന പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റിവ് നഴ്സിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
Ø പ്രൈമറി യൂണിറ്റുകൾ: സർക്കാർ മേഖലയിൽ 1142 പ്രൈമറി പാലിയേറ്റിവ് യൂണിറ്റുകളും സന്നദ്ധ മേഖലയിൽ 1307 യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ 1.5 ലക്ഷത്തിലധികം രോഗികൾക്ക് നിലവിൽ പരിചരണം ഉറപ്പാക്കുന്നു. ഹോം കെയർ ടീം മാസത്തിലൊരിക്കൽ വീടുകളിലെത്തി പരിചരണ സാമഗ്രികൾ നൽകുകയും വീട്ടുകാരെ പരിചരണ രീതികൾ പഠിപ്പിക്കുകയും ചെയ്യുന്നു. ആശാ പ്രവർത്തകരും മാസത്തിലൊരിക്കൽ ഇവരെ സന്ദർശിച്ച് പിന്തുണ നൽകുന്നുണ്ട്.
Ø ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ: കിടപ്പിലല്ലാത്തതും എന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുമായ 4 ലക്ഷത്തിലധികം രോഗികൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. MLSP നഴ്സുമാരാണ് ഇവരെ വീടുകളിൽ സന്ദർശിച്ച് പരിചരണം ഏകോപിപ്പിക്കുന്നത്.
Ø സെക്കണ്ടറി യൂണിറ്റുകൾ: സി.എച്ച്.സികളിലും (CHC) പ്രധാന ആശുപത്രികളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 345 സെക്കണ്ടറി യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഇവിടെ പരിശീലനം ലഭിച്ച ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവരുടെ സേവനത്തിന് പുറമെ മരുന്നുകൾ, ഫിസിയോതെറാപ്പി എന്നിവയും ലഭ്യമാണ്. കിടത്തിച്ചികിത്സയുള്ള ആയുർവേദ ആശുപത്രികളിലും ഹോമിയോ മേഖലയിലും സെക്കണ്ടറി യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
Ø മെഡിക്കൽ സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ: പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരം 500-ലധികം വരുന്ന മെഡിക്കൽ സന്നദ്ധ സംഘടനകൾക്ക് സംസ്ഥാനതലത്തിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള സംസ്ഥാനതല സംവിധാനം ഉടൻ രൂപീകരിക്കും.
ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം
സർക്കാർ മേഖലയിൽ 14 ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം നൽകുന്ന തൃതീയ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ മേഖലയിൽ ആറ് കേന്ദ്രങ്ങളും സജീവമാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കുമായി 6 ആഴ്ചത്തെ കോഴ്സുകളും (BCCPM, BCCPN), കമ്മ്യൂണിറ്റി നഴ്സുമാർക്കായി 4 മാസത്തെ കോഴ്സും (CCCPN) കൂടാതെ ആരോഗ്യ-സന്നദ്ധ പ്രവർത്തകർക്കായി പ്രത്യേക ഹ്രസ്വകാല പരിശീലനങ്ങളും തുടർച്ചയായി സംഘടിപ്പിച്ചു വരുന്നു.
പി.എൻ.എക്സ്. 4494/2026
- Log in to post comments