Skip to main content
..

പോളയത്തോട് റെയില്‍വെ മേല്‍പ്പാലം നിര്‍മാണം: സ്ഥലമെടുപ്പ് സംബന്ധിച്ച പരാതി പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

നിര്‍മാണം നടക്കുന്ന പോളയത്തോട് റെയില്‍വെ മേല്‍പ്പാലത്തിന്റെ സര്‍വീസ് റോഡ് കടന്നുപോകുന്നിടത്ത് സ്ഥലമേറ്റെടുത്തതില്‍ അപാകതയുണ്ടെന്നും അപകടസാധ്യതയുണ്ടെന്നുമുള്ള പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, വിഷ്ണു മോഹന്‍ എം എല്‍ എ, മേയര്‍ എ കെ ഹഫീസ്, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രദേശത്തെ വീടിന്റെ ഒരു ഭാഗം സര്‍വീസ് റോഡ് കടന്നുപോകുന്നിടത്തേക്ക് തള്ളി നില്‍ക്കുകയാണെന്നും ഇത് അപകടസാധ്യതയുണ്ടാക്കുന്നുവെന്നും കാണിച്ച് സമരസമിതി നല്‍കിയ പരാതിയടക്കം പരിഗണിച്ചാണ് തീരുമാനം.
ടി കെ എം എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തെ പരിശോധനയ്ക്ക് ചുമതലപ്പെടുത്തും. റോഡ് ഏത് രീതിയില്‍ മാറ്റിപ്പണിയണമെന്നും എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തുന്നത്. തുടര്‍ന്ന് റിപ്പോര്‍ട്ട് റവന്യൂ അധികൃതര്‍ക്ക് കൈമാറും. കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ  ഇതിനുള്ള  തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും. നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ താത്കാലികമായി മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചു.  പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും വരെ സ്ഥലത്ത് ഓട നിര്‍മിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേന്ദ്രന്‍ വി ആര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ രാജേന്ദ്രന്‍ എന്നിവര്‍ പാലം നിര്‍മാണം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു. മുണ്ടയ്ക്കല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ജയലക്ഷ്മി ജെ, നഗരസഭ ടൗണ്‍ പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കുരുവിള ജോസഫ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സദക്കത്ത്, സമര സമിതി പ്രസിഡന്റ് സി വി അനില്‍ കുമാര്‍, സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു.
 

date