വൈദ്യുതി മേഖലയിലെ ഗവേഷണം: എഞ്ചിനീയറിങ് കോളേജുകളില്‍നിന്ന് താല്പര്യപത്രം ക്ഷണിച്ച് റെഗുലേറ്ററി കമ്മീഷന്
വൈദ്യുതി മേഖലയിലെ വെല്ലുവിളികള്‍ക്ക് നൂതനവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളില്‍നിന്ന് ഗവേഷണ പങ്കാളിത്തത്തിനുള്ള താല്പര്യപത്രം ക്ഷണിച്ചു. സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തി വൈദ്യുതി മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഊര്‍ജമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പഠിച്ച് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും വൈദ്യുതി മേഖലയിലെ വികസനത്തിന് സഹായകമായ ഗവേഷണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കമ്മീഷന് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ഗവേഷകരുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വൈദ്യുതി മേഖലയിലെ വികസനത്തിനും സഹായകമായ ഗവേഷണങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സ്ഥാപനങ്ങളുടെ ഗവേഷണശേഷി വിലയിരുത്തി അനുയോജ്യമായ എഞ്ചിനീയറിങ് കോളേജുകളെ തിരഞ്ഞെടുക്കും. രണ്ടാംഘട്ടത്തില്‍ കമ്മീഷന് നിര്‍ദ്ദേശിക്കുന്ന പ്രത്യേക വിഷയങ്ങളില്‍ ഗവേഷണ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കും.
ഊര്‍ജ്ജമാറ്റം, ഊര്‍ജ്ജസംരക്ഷണം, വൈദ്യുതി നിരക്ക് നിര്‍ണയം, വൈദ്യുതി ഉല്‍പ്പാദനം, വിതരണ സംവിധാനങ്ങളുടെ ആസൂത്രണവും പ്രവര്‍ത്തനവും, ഉപഭോക്തൃ സംരക്ഷണം, വൈദ്യുത വാഹനങ്ങള്‍, ഡിമാന്‍ഡ് സൈഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണത്തിന് അവസരമുണ്ടാകും.
ഓണ്‍ലൈന്‍ വഴിയാണ് താല്പര്യപത്രം സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 നവംബര്‍ ആറ്. അന്നേ ദിവസം വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും മാര്ഗ്ഗനിര്ദേശങ്ങള്ക്കുമായി കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.erckerala.org സന്ദര്‍ശിക്കാം. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് https://eoi.kserc.sbs/ എന്ന വെബ്സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം.
- Log in to post comments