കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സേവനത്തിന് കരുത്തേകി പുതിയ മെഷീന്‍
കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സേവനങ്ങള്‍ക്ക് കരുത്തേകി പുതിയ ഡയാലിസിസ് മെഷീന്‍. പി.എസ്.എം. ഡെന്റല്‍ കോളേജ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്ന പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ സ്മരണാര്‍ത്ഥം കോളേജ് മാനേജ്മെന്റാണ് മെഷീന്‍ ആശുപത്രിക്ക് കൈമാറിയത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വാങ്ങിയിരുന്ന മെഷീന്‍ വേര്‍പാടിനുശേഷം രോഗികളുടെ സേവനത്തിനായി നല്‍കുകയായിരുന്നു.
താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ മെഷീന്‍ ഏറ്റുവാങ്ങി. സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ പ്രവര്‍ത്തനമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിമാസം 650-ഓളം പേര്‍ക്ക് ഡയാലിസിസ് സൗകര്യം നല്‍കുന്ന കുന്നംകുളം താലൂക്ക് ആശുപത്രിയിലെ യൂണിറ്റ് ജില്ലയില്‍ തന്നെ മാതൃകാപരമാണെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മിഷ സെബാസ്റ്റ്യന്‍, ടി. സോമശേഖരന്‍, ആര്‍ഷ ജിജു, പി.എസ്.എം. ഡെന്റല്‍ കോളേജ് ചെയര്‍മാന്‍ ഡോ. പി.എം. റിയാസ്, ട്രഷറര്‍ പി.എം. അബ്ദുറഹ്മാന്‍, ക്ലിനിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ലുക്ക്മാന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍, പ്രേംരാജ് ചൂണ്ടലാത്ത്, ഷാജി ആലിക്കല്‍, ശ്രീജിത്ത് ആവേന്‍, ലെബീബ് ഹസന്‍, കൗണ്‍സിലര്‍മാര്‍, എച്ച്.എം.സി. അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments