വ്യാവസായിക ഉത്പാദന സൂചിക: റീജിയണൽ വർക്ക്ഷോപ്പ് ഒക്ടോബർ 28 മുതൽ 30 വരെ
കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെയും സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെയും സഹകരണത്തോടെ വ്യാവസായിക ഉത്പാദന സൂചികയുടെ അടിസ്ഥാനവർഷം പുതുക്കുന്നതുമായി ബന്ധപ്പെട്ട റിജിയണൽ വർക്ക്ഷോപ്പ് ഒക്ടോബർ 28 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഡിമോറ ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന ത്രിദിന വർക്ക്ഷോപ്പിന്റെ ഓദ്യോഗിക ഉദ്ഘാടനം 28-ന് രാവിലെ 10ന് നടക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വർക്ക്ഷോപ്പ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലയിലെ ഉത്പാദനത്തിലെ മാറ്റങ്ങളും വളർച്ചയും വിലയിരുത്തുന്നതിനുള്ള പ്രധാന സൂചികയാണ് വ്യാവസായിക ഉത്പാദന സൂചിക. ഈ മേഖലയിലെ മാറ്റങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിന് നിലവിലുള്ള 2011-12 അടിസ്ഥാനവർഷത്തിൽ നിന്ന് 2022-23 ലേക്ക് സുചിക പുതുക്കേണ്ടത് അനിവാര്യമാണ്.
ദേശീയതലത്തിൽ അടിസ്ഥാനവർഷം പരിഷ്കരിക്കുന്ന പ്രക്രിയ പൂർത്തിയായതിനെത്തുടർന്ന് സംസ്ഥാനതലത്തിൽ നടപ്പിലാക്കേണ്ട തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും പ്രായോഗിക മാർഗനിർദേശവും നൽകുകയാണ് വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. അടിസ്ഥാനവർഷം പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ, വിവരശേഖരണം, വിവരങ്ങളുടെ ക്രോഡീകരണം, സൂചികയുടെ കണക്കുകൂട്ടൽ എന്നിവയിൽ പരിശീലനം നൽകും.
15 സംസ്ഥാനങ്ങളിൽ നിന്നായി 50 പ്രതിനിധികളും, MoSPI, കേരള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
പി.എൻ.എക്സ്. 4500/2026
- Log in to post comments