വിത്തുസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി മാള ഉപജില്ലാ ശാസ്ത്രോത്സവം
മാള ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സമാപന ദിനത്തില്‍ ശ്രദ്ധേയമായി വിത്തുസംരക്ഷണവും ജൈവവൈവിധ്യ ബോധവല്‍ക്കരണവും ആസ്പദമാക്കിയുള്ള പ്രോജക്ടുകള്‍. ജി.വി.എച്ച്.എസ്.എസ് പുത്തന്‍ചിറ, ജി.എല്‍.പി.എസ് പുത്തന്‍ചിറ, ജി.യു.പി.എസ് പുത്തന്‍ചിറ, ഹോളി ഫാമിലി എല്‍.പി സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ രണ്ട് ദിവസങ്ങളായി സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിലാണ് നാടന്‍ വിത്തുകളുടെയും പഴവര്‍ഗ്ഗങ്ങളുടെയും അപൂര്‍വ്വ ശേഖരത്തിന്റെ കാഴ്ച ഒരുക്കിയത്. എല്‍.പി. വിഭാഗം മത്സരങ്ങളിലാണ് ഭാവി തലമുറയ്ക്കായി വിത്തുകള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ സന്ദേശമുയര്‍ത്തുന്ന വേറിട്ട മാതൃകകള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്.
പരാമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിച്ചു നിര്‍ത്തിയ ചെറുവയല്‍ രാമന്റെ മാതൃക പിന്തുടര്ന്ന് വരുംതലമുറയ്ക്കായി വിത്തുസംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രോജക്ടുകളിലൂടെ കുട്ടികള്‍ എടുത്തുപറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയും സമീകൃതാഹാരവും ഉറപ്പാക്കുന്നതില്‍ പഴങ്ങളുടെയും അവയുടെ വിത്തുകളുടെയും പങ്ക് വളരെ വലുതാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വിത്തുകള്‍ പ്രകൃതിയുടെ നിധികളാണെന്നും അവ വരുംതലമുറയ്ക്കായി കാത്തുവെക്കേണ്ടതുണ്ടെന്നും പ്രോജക്ട് വിശദീകരണങ്ങളില്‍ കുട്ടികള്‍ വ്യക്തമാക്കി. വിവിധതരം പഴങ്ങളുടെ പോഷക ഗുണങ്ങള്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവ് എന്നിവയൊക്കെ അപഗ്രഥിക്കുന്ന പ്രദര്‍ശനങ്ങളും ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
- Log in to post comments