Skip to main content

100 ദിന കര്‍മ്മ പദ്ധതി: ജില്ലയില്‍ തീര്‍പ്പാക്കിയത് 3,214 തരംമാറ്റല്‍ അപേക്ഷകള്‍ 1845 പട്ടയങ്ങള്‍ വിതരണം ചെയ്തു  

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ 3,214 തരം മാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കി. 2024 മുതല്‍ കെട്ടിക്കിടന്ന അപേക്ഷകള്‍ ഉള്‍പ്പെടെ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കിയവയില്‍ ഉള്‍പ്പെടും. കണ്ണൂര്‍ റെവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയത്- 1,056 അപേക്ഷകള്‍. പയ്യന്നൂര്‍ ഡിഎം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ 829, തലശ്ശേരി കളക്ടറുടെ ഓഫീസില്‍ 775, തളിപ്പറമ്പ് ആര്‍ഡിഒ ഓഫീസില്‍ 313, ഇരിട്ടി എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ 241 എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ അപേക്ഷകളുടെ എണ്ണം.

2028ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട ഭൂമി അതില്‍ നിന്ന് ഒഴിവാക്കിക്കിട്ടുന്നതിന് സമര്‍പ്പിച്ച ഫോം 5 അപേക്ഷകളില്‍ 881 അപേക്ഷകളാണ് 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കിയത്. കണ്ണൂര്‍ താലൂക്കില്‍ 351, തലശ്ശേരിയില്‍ 167, പയ്യന്നൂരില്‍ 161, ഇരിട്ടിയില്‍ 123, തളിപ്പറമ്പില്‍ 79 എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ ഫോം 5 അപേക്ഷകള്‍.

ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ റവന്യൂ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയതുമായ 50 സെന്റില്‍ താഴെയുള്ള ഭൂമി പുരയിടമാക്കി തരം മാറ്റുന്നതിനുള്ള ഫോം 6 അപേക്ഷകളില്‍ 2,306 എണ്ണത്തിലാണ് തീര്‍പ്പ് കല്‍പ്പിച്ചത്. കണ്ണൂര്‍ താലൂക്കില്‍ 710, പയ്യന്നൂരില്‍ 674, തലശ്ശേരിയില്‍ 616, തളിപ്പറമ്പില്‍ 181, ഇരിട്ടിയില്‍ 125 എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ ഫോം 6 അപേക്ഷകള്‍. ഇതിനു പുറമെ, 50 സെന്റിന് മുകളിലുള്ള ഭൂമി പുരയിടമാക്കി തരം മാറ്റുന്നതിനുള്ള 11 ഫോം-7 അപേക്ഷകളും ഒറ്റനോട്ടത്തില്‍ നിലം അല്ലെന്ന് ബോധ്യമാവുന്ന ഭൂമി തരം മാറ്റുന്നതിനുള്ള 16 ഫോം-9 അപേക്ഷകളും ഈ കാലയളവില്‍ തീര്‍പ്പാക്കി.

കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചയും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുകയും വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന അപേക്ഷകളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1845 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. കൂത്തുപറമ്പ് -1218, പയ്യന്നൂര്‍-261, ഇരിട്ടി- 313, കണ്ണൂര്‍ - 43, തളിപ്പറമ്പ്- 10 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.

 

date