ആലക്കോട് ടൗൺ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു
നിർമ്മലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ആലക്കോട് ഗ്രാമപഞ്ചായത്തിലെ ആലക്കോട് ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച വിളംബര റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
*ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ
ബീക്കൺ ടൗൺ പ്രഖ്യാപനത്തിന് മുന്നോടിയായി ആലക്കോട് കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ–ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ടൗണിലെ ശുചിത്വ നിലവാരം വിലയിരുത്തുന്നതിനും പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനുമായി ആലക്കോട് എൻ എസ് എസ് ഹയർ സെക്കന്ററി വിദ്യാർഥികളുടെ നേതൃത്വത്തിൽ ബേസ്ലൈൻ സർവേ നടത്തി. സർവേയിലൂടെ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം ടൗണിലെ പ്രധാന കേന്ദ്രങ്ങളിൽ ശുചിത്വ സന്ദേശ ബോർഡുകളും മാലിന്യശേഖരണ ബിന്നുകളൾ സ്ഥാപിച്ചു.
ഹരിതകർമസേനാംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിൽ മെഗാ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന്റെ ദൂഷ്യവശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി 'തുപ്പൽ വേണ്ട, ശുചിത്വം മതി' എന്ന മുദ്രാവാക്യവുമായി തുപ്പൽ വിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി അവലോകന യോഗങ്ങൾ നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തത്തിന്റെ ഫലമായാണ് ആലക്കോടിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ബോബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ആയിഷ അധ്യക്ഷത വഹിച്ചു. സ്ഥിരം ചെയർമാൻമാരായ ജോൺസൺ ചിറവയൽ, റീമോൾ ബിജു, വത്സമ്മ വാണിശേരിയിൽ, ശുചിത്വ മിഷൻ ആർ പി സുജന വിജു,വ്യാപാരി പ്രസിഡന്റ് കെ എം ഹരിദാസ്, പി ആർ ഒ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി അൽത്താഫ് റഹ്മാൻ, എച്ച് ഐ ശ്രീരാജ് വീ ടി, ആലക്കോട് സ്കൂൾ എച്ച് എം, വി ടി രാജി വാർഡ് മെമ്പർ സി ജി ഗോപൻ വി ഇ ഒ അഖിൽ ബാബു എന്നിവർ സംസാരിച്ചു.എച്ച് ഐ ലിഖിന,ജനപ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ,ആലക്കോട് സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു .
- Log in to post comments