വരവൂർ ഗ്രാമപഞ്ചായത്തിൽ 'ബഡ്സ് ഒളിമ്പിയ 3.0' കായികമേള സംഘടിപ്പിച്ചു
വരവൂർ ഗ്രാമപഞ്ചായത്ത് പി. എൻ. എം. എം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ബഡ്സ് ഒളിമ്പിയ 3.0' കായികമേള സംഘടിപ്പിച്ചു. വരവൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന കായികമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ബി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 12 കുട്ടികളാണ് കായികമേളയിൽ മാറ്റുരച്ചത്. 100 മീറ്റർ ഓട്ടം, നടത്തം, ഷോട്ട്പുട്ട്, സോഫ്റ്റ് ബോൾ ത്രോ എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. എസ്. സജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ. യശോദ, പഞ്ചായത്ത് അംഗങ്ങളായ നാസർ ടി. എം, പി. ആർ. രാമകൃഷ്ണൻ, സി. ഡി. എസ് ചെയർപേഴ്സൺ ഗീത സി. ആർ, ബി. ആർ. സി അധ്യാപിക സുനിത പി. എസ്, ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments