Skip to main content
..

ശിശുദിനാഘോഷം നവംബർ 14ന് കുട്ടികളുടെ മഹാറാലിയും ശിശുദിന സംഗമവും

 

ബാലസൗഹൃദ കൊല്ലം എന്ന ആശയം മുൻനിർത്തിയാകും ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ശിശുദിനാഘോഷം 'വർണോത്സവം 2026' സംഘടിപ്പിക്കുകയെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ആനി ജൂല തോമസ് പറഞ്ഞു. വർണോത്സവം 2026ൻ്റെ സ്വാഗതസംഘ രൂപീകരണയോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ. കുട്ടികളുടെ ആരോഗ്യം, മാനസികാരോഗ്യം, സാമൂഹിക പ്രതിബദ്ധത, ലഹരി വിരുദ്ധ ബോധവത്കരണം, സ്ക്രീൻ ടൈം കുറയ്ക്കൽ തുടങ്ങിയ കാര്യങ്ങളാണ് ബാലസൗഹൃദ കൊല്ലം എന്ന ആശയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും കലക്ടർ പറഞ്ഞു. 

നവംബർ 14ന് രാവിലെ 8.30ന് ക്രേവൻ സ്കൂളിൽ നിന്ന് 'വർണോത്സവം 2026'ൻ്റെ ഭാഗമായി 
കുട്ടികളുടെ മഹാറാലി ആരംഭിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവർ നയിക്കുന്ന റാലി ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്യും. സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, എസ് പി സി, എൻ സി സി കേഡറ്റുകൾ എന്നിവർക്കൊപ്പം വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വർണാഭമായ റാലിയിൽ അണിനിരക്കും. ഒമ്പതരയ്ക്ക് എസ് എൻ കോളേജിൽ റാലി എത്തിച്ചേർന്നതിന് പിന്നാലെ ശിശുദിന സംഗമം നടക്കും. കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും ജില്ലാ കലക്ടറും കുട്ടികളോടൊപ്പം പങ്കെടുക്കും. കുട്ടികളുടെ മഹാറാലിയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനുള്ള ക്യാഷ് പ്രൈസും ട്രോഫിയും ചടങ്ങിൽ സമ്മാനിക്കും. വർണോത്സവം 2026ൻ്റെ ഭാഗമായി നഴ്സറി - അങ്കണവാടി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലും മെമന്റോയും ചടങ്ങിൽ വിതരണം ചെയ്യും. നൂറുകണക്കിന് കുട്ടികൾ പങ്കെടുക്കുന്ന കിഡ്സ് റണ്ണും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എസ് എൻ കോളേജിൽ കുട്ടികൾക്കായി ശിശുദിന എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. നാടൻ പലഹാരങ്ങൾ ആയിരിക്കും ആഘോഷത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിളമ്പുകയെന്ന് സംഘാടകർ അറിയിച്ചു.

ശിശുദിനാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി വനിത- ശിശുവികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ, ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് , വനം- വന്യജീവി, നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, കെ സി വേണുഗോപാൽ, മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി എന്നിവർ മുഖ്യരക്ഷാധികാരികളായും ജില്ലാ കലക്ടർ അധ്യക്ഷയായും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഡി ഷൈൻദേവ് സെക്രട്ടറിയായും വിവിധ സബ് കമ്മിറ്റികൾ ഉൾപ്പെടുത്തി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 

  യോഗത്തിൽ ജില്ലാശിശുക്ഷേമ സമിതി സെക്ര ട്ടറി അഡ്വ ഡി ഷൈൻദേവ് , വൈസ് ചെയർപേഴ്‌സൺ ഷീബ ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ അജിത് പ്രസാദ്, കറവൂർ എൽ വർഗീസ്, ആർ മനോജ്, പി അനീഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ്, ജില്ലാ വനിതാ ശിശുവികസന ഓഫിസർ ടിജു റേച്ചൽ തോമസ്, സിഡബ്ല്യുസി മുൻ ചെയർമാൻ സനൽ വെള്ളിമൺ എന്നിവരെ കൂടാതെ പോലീസ്, മോട്ടോർ വാഹന വകുപ്പ്, വിവിധ സ്കൂളുകൾ, സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.

date