Skip to main content

“പ്ലാസ്റ്റിക് തരൂ, മധുരം തരാം”: സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ ഹെൽത്തി കുന്ദമംഗലം പ്ലാസ്റ്റിക് ശേഖരണ പവലിയൻ

 

സംസ്ഥാന സ്കൂൾ കായികമേള നഗരിയെ സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്തമാക്കാൻ 'ഹെൽത്തി കുന്ദമംഗലം' ഒരുക്കുന്ന പ്രത്യേക പ്ലാസ്റ്റിക് ശേഖരണ പവലിയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ 'ഹെൽത്തി കുന്ദമംഗലം' പദ്ധതിയുടെ ഭാഗമായി, ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പവലിയൻ സജ്ജീകരിച്ചിരിക്കുന്നത്.

കായികമേള നടക്കുന്ന പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഇവിടെ സജ്ജീകരിച്ചിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കുന്നവർക്ക് സമ്മാനമായി മധുരം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനൊപ്പം,പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്ന നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മേളയുടെ വിവിധയിടങ്ങളിലായി 250-ഓളം വിദ്യാർത്ഥി വളന്റിയർമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ് ചാത്തമംഗലം ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള വളന്റിയർമാർ മേള പരിസരം കൃത്യമായി വൃത്തിയാക്കുന്നതിനുള്ള സേവനങ്ങൾ നൽകിവരുന്നുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ, വൈസ് പ്രസിഡന്റ് എം.കെ. അനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സലീം, സലീന, ബബില, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സി.കെ. സരിത്ത് തുടങ്ങിയവർ പങ്കെടുത്തു.

date