Skip to main content

‘വ്യാവസായിക ഉത്പാദന സൂചികയുടെ അടിസ്ഥാനവർഷം പുതുക്കൽ’: റീജിയണൽ പരിശീലന ശില്പശാലയ്ക്ക് തുടക്കം

           സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാവസായിക ഉത്പാദന സൂചികയുടെ അടിസ്ഥാനവർഷം പുതുക്കുന്നതുമായി ബന്ധപ്പെട്ട ത്രിദിന റീജിയണൽ പരിശീലന ശില്പശാലയ്ക്ക് തിരുവനന്തപുരം ഡിമോറ ഇന്റർനാഷണൽ ഹോട്ടലിൽ തുടക്കം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ, സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

           സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ജനറൽ ഡോ. ദലീപ് സിംഗ് ഉദ്ഘാടനം ചെയ്തു. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ജി ആർ ഗോകുൽ അധ്യക്ഷനായി. ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ ഡയറക്ടർ ദീപക് ദൻവാട്ട് ശില്പശാലയുടെ ലക്ഷ്യങ്ങളും പ്രവർത്തനപശ്ചാത്തലവും വിശദീകരിച്ചു. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ കെ ഷൈലമ്മ, അഡീഷണൽ ഡയറക്ടർ വി.കെ. ശ്രീജൻ എന്നിവർ പങ്കെടുത്തു.

           വ്യാവസായിക ഉത്പാദന സൂചികയുടെ അടിസ്ഥാനവർഷം പുതുക്കുന്നതിലൂടെ നിലവിലെ വ്യാവസായിക ഘടനയിലും ഉത്പാദന രീതികളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സൂചികയിൽ പ്രതിഫലിപ്പിക്കാനും സംസ്ഥാനതല വ്യാവസായിക ഉത്പാദനത്തിന്റെ പ്രവണത കൂടുതൽ കൃത്യമായി വിലയിരുത്താനും സാധിക്കും.

           സൂചിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങൾ, വിവരസ്രോതസ്സുകൾ, വ്യാവസായിക മേഖലകളുടെ വർഗീകരണം, സൂചികയുടെ കണക്കുകൂട്ടലിനാവശ്യമായ രീതിശാസ്ത്രം എന്നിവയിൽ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനം നൽകുകയാണ് ശില്പശാലയുടെ ലക്ഷ്യം. ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അങ്കിത സിംഗ് ‘വ്യാവസായിക ഉത്പാദന സൂചികയിലെ അടിസ്ഥാനവർഷ മാറ്റത്തിലെ പുതിയ സവിശേഷതകൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

           പി.എൻ.എക്‌സ്. 4526/2026

date