Skip to main content

വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ കുളക്കട പഞ്ചായത്തില്‍ ബയോ ബിന്‍ പദ്ധതി

വീടുകളിലെ ജൈവമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന് ബയോ ബിന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി കുളക്കട ഗ്രാമപഞ്ചായത്ത്. ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സൗകര്യമൊരുക്കുകയും അവ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കുടുംബങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,55,270 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡി നിരക്കില്‍ മൂന്ന് ബക്കറ്റുകള്‍ അടങ്ങിയ ഓരോ ബയോ ബിന്‍ യൂണിറ്റാണ് നല്‍കുന്നത്. ഇത്തരത്തില്‍ ആകെ 249 യൂണിറ്റുകളാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ 140 യൂണിറ്റുകള്‍ വിതരണം ചെയ്തു. ശേഷിക്കുന്ന 109 യൂണിറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

ബയോ ബിന്നുകളില്‍ സംസ്‌കരിക്കുന്ന ജൈവമാലിന്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കമ്പോസ്റ്റ് ചെടികള്‍ക്കും മറ്റ് കൃഷികള്‍ക്കും വളമായി ഉപയോഗിക്കാം. ബയോ ബിന്നുകളുടെ ശരിയായ ഉപയോഗവും പരിപാലനവും ഉറപ്പാക്കുന്നതിനായി ഹരിതകര്‍മസേന മുഖേന കുടുംബങ്ങള്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കുന്നുണ്ട്. പ്രവര്‍ത്തനരീതി വിശദീകരിക്കുന്ന ലഘുലേഖകളും വീഡിയോകളും ഫോണിലൂടെയും ലഭ്യമാക്കുന്നുമുണ്ട്. വിതരണം ചെയ്ത ബയോ ബിന്നുകളുടെ തുടര്‍ പരിപാലന ചുമതല കരാര്‍ കമ്പനിക്കാണ്. മുന്‍വര്‍ഷങ്ങളിലും പഞ്ചായത്ത് സമാനമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുമെന്ന് കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ വ്യക്തമാക്കി.
 

 

date