’സ്വസ്ഥം തദ്ദേശം‘ ഓഡിറ്റ് ക്ലിനിക്കുകൾക്ക് തുടക്കം
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ‘സ്വസ്ഥം തദ്ദേശം’ പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക്തല ഓഡിറ്റ് ക്ലിനിക്കുകൾക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാൻ ബാക്കിയുള്ള ഓഡിറ്റ് തടസ്സങ്ങൾ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്ലിനിക്കുകൾ ഒക്ടോബർ 31-ന് അവസാനിക്കും.
കോഴിക്കോട് ബ്ലോക്ക് ഓഫീസിൽ നടന്ന ക്ലിനിക്കിൽ കോഴിക്കോട്, ചേളന്നൂർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും, ഫറോക്ക്, രാമനാട്ടുകര നഗരസഭകളും പങ്കെടുത്തു.
അവസാന മൂന്ന് വർഷത്തെ ഓഡിറ്റ് തടസ്സങ്ങളാണ് പ്രധാനമായും ക്ലിനിക്കിൽ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, റിട്ടയേർഡ് ഉദ്യോഗസ്ഥരായ 'ഓഡിറ്റ് മിത്രങ്ങൾ', സാങ്കേതിക വിദഗ്ധർ, ആർ.ജി.എസ്.എ ബ്ലോക്ക് തല കോർഡിനേറ്റർമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
ആദ്യഘട്ടത്തിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവടങ്ങളിലെ ഓഡിറ്റ് തടസ്സങ്ങളാണ് തീർപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി രേഖകൾ സഹിതമാണ് ക്ലിനിക്കിൽ പങ്കെടുത്തത്. രേഖകൾ പരിശോധിച്ച് ഓഡിറ്റ് തടസ്സങ്ങൾ ഒഴിവാക്കാൻ ആവശ്യമായ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ യോഗത്തിൽ നൽകി. വരും ദിവസങ്ങളിൽ കൊടുവള്ളി, മേലടി, വടകര എന്നീ ബ്ലോക്കുകളിലും ഓഡിറ്റ് ക്ലിനിക്കുകൾ സംഘടിപ്പിക്കും.
കോഴിക്കോട് ബ്ലോക്കിൽ നടന്ന ക്ലിനിക്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ നൊച്ചിയിൽ, ഇന്റേണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ കെ. റഹിം, ഐ.വി.ഒ-മാരായ മുഹ്സിൻ, ശ്രീജിത്ത്, സീനിയർ സൂപ്രണ്ടുമാരായ ഗിരീഷ് കുമാർ,മനോജ്, ഓഡിറ്റ് മിത്രങ്ങളായ സതീഷ് കുമാർ, വാസുദേവൻ, വിനോദ് കുമാർ, ശ്രീകുമാർ, ജയശീലൻ, ബ്ലോക്ക് സെക്രട്ടറി ബ്രിജേഷ് എന്നിവർ ഓഡിറ്റ് ക്ലിനിക്കിന് നേതൃത്വം നൽകി.
- Log in to post comments