Skip to main content

*കുട്ടികൾക്കായുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷൻ*

വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി കുട്ടികൾക്കായുള്ള പദ്ധതികളും സംരക്ഷണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, കെ.കെ ഷാജു എന്നിവർ നിർദേശിച്ചു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ബാലനീതി, പോക്സോ, ആർ.ടി.ഇ നിയമങ്ങൾ നടപ്പിലാക്കുന്ന കർത്തവ്യ വാഹകരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗങ്ങൾ. ബാലനീതി, പോക്സോ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കൃത്യമായ അറിവ് നേടിയിരിക്കണമെന്നും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ സ്നേഹപൂർണ്ണമായ സമീപനം ഉണ്ടാകണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.
കൗമാരപ്രായക്കാരായ അമ്മമാർ, സ്കൂൾ ഡ്രോപ്പ് ഔട്ടുകൾ, കുട്ടികളുടെ ആത്മഹത്യാ പ്രവണത തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണം. കുട്ടികളുടെ താത്പര്യം മുൻനിർത്തി ജില്ലയിലെ മുഴുവൻ സംവിധാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കമ്മീഷൻ അംഗങ്ങൾ ഓർമ്മിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ബാലസംരക്ഷണ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. കുട്ടികളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ജില്ലാ ശിശു സംരക്ഷണ ഓഫീസറിൻ്റെയും വകുപ്പ് മേധാവികളുടെയും പങ്കാളിത്തത്തോടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് സജ്ജമാക്കാൻ തീരുമാനിച്ചു. പോക്സോ കേസുകളിലും മറ്റ് കുട്ടികളുടെ കേസുകളിലും പൊലീസിൽ നിന്നുള്ള എഫ്.ഐ.ആർ വിവരങ്ങൾ സി.ഡബ്ല്യു.സി ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ വി ചെൽസാസിനി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. തനു ജഗദീഷ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, സി.ഡബ്ല്യു.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date